കോഴിക്കോട്: കാസര്‍ഗോഡ് മുതലുള്ള തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി പൊതുജനത്തിന് തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിനെ സമീപിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനായി കോഴിക്കോടും എറണാകുളത്തും തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന് കൊമേഴ്സല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നല്കുന്ന ട്രേഡ് ലൈസന്‍സ് അപേക്ഷകളോടൊപ്പം സാധുതയുള്ള ഉടമസ്ഥാവകാശ രേഖയോ വാടക കരാറോ നിര്‍ബന്ധരേഖയായി ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ട്രേഡ് ലൈസന്‍സ് പുതുക്കുമ്പോഴും ഈ നിബന്ധനയില്‍ ഇളവു നല്‍കാതിരിക്കുക, ട്രേഡ് ലൈസന്‍സ് അപേക്ഷകളില്‍ വാടക കെട്ടിടമാണെങ്കില്‍ ഉടമസ്ഥന്റെ സമ്മതപത്രം അനുബന്ധ രേഖയായി ഉള്‍പ്പെടുത്തുക, ട്രേഡ് ലൈസന്‍സ് വാടകക്കരാര്‍ പുതുക്കാത്ത വാടകക്കാരുടെ റദ്ദുചെയ്യുവാന്‍ കെട്ടിടമുടമകളുടെ അപേക്ഷ പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കുവാന്‍ അധികാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഒഴിഞ്ഞു കിടക്കുന്ന വാടക കെട്ടിടങ്ങള്‍ക്ക് നികുതി ഒഴിവായി കിട്ടാന്‍ നല്‍കേണ്ട വേക്കന്‍സി റെമിഷന് സമര്‍പ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന വാര്‍ഷിക സമ്മേളനം അഡ്വ. കെ. ജയന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.പി. ആലിക്കോയ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശോകന് വീട്ടില്‍, ട്രഷറര്‍ പുഷ്പരാജ് മഠത്തില്‍, അഡ്വ. പി. ഫൈസല്‍, കെ.ഇ. സുരേഷ് ബാബു, അഡ്വ. എം. മുഹമ്മദ്, എന്‍ജി. അബ്ദുള്‍ മാലിക്ക്, ഷെവലിയാര്‍, സി. ഇ. ചാക്കുണ്ണി, കെ.പി.അയൂബ് എന്നിവര്‍ സംസാരിച്ചു.
Tags : Local News Nattuvishesham Kozhikode