ആലപ്പുഴ: സംസ്ഥാനത്തുടനീളം കേരള പോലീസ് നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 76 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 90 പേർ അറസ്റ്റിലായി.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെയും ഡിവൈഎസ്പിമാരുടെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെയും രഹസ്യന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയായ ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്- ജില്ലയിൽ ഒന്നാം തീയതി തന്നെ പ്രവർത്തനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക, രഹസ്യവിവരങ്ങൾ ശേഖരിക്കുക, പരിശോധനകൾ നടത്തുക, കേസുകൾ കണ്ടെത്തുക, അന്വേഷണം പ്രത്യേകമായി നടത്തുക തുടങ്ങി ബഹുമുഖമായ പ്രവർത്തനസംവിധാനമാണ് ഇതിനായി പ്രവർത്തിച്ചുവരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏറ്റവും കൂടുതൽ ലഹരി വ്യാപന പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതിയുള്ള തെക്കെൻ പ്രദേശത്ത് പ്രത്യേകമായ പരിശോധന നടത്തി.
Tags : nattu vishesham Operation Toofan 76 cases