രാംപള്ളി വയലിലെ നാശോന്മുഖമായ കനാലും കുളവും.
നെല്‍ക്കൃഷി ഇറക്കാനാകാതെ രാംപള്ളിയിലെ കര്‍ഷകര്‍
സുല്‍ത്താന്‍ ബത്തേരി: കാലവര്‍ഷം ശക്തമാകാത്തതും ജലസേചന പദ്ധതി നോക്കുകുത്തിയായതും മുത്തങ്ങ രാംപള്ളി വനഗ്രാമത്തിലെ നെല്‍ക്കര്‍ഷകരെ ആശങ്കയിലാക്കി. ഇത്തവണ നെല്‍ക്കൃഷി ഇറക്കാനാകുമോ എന്ന സംശയത്തിലാണ് കര്‍ഷകര്‍.
രാംപള്ളിയില് 40 ഏക്കറോളം വയലാണുള്ളത്. നഞ്ചക്കൃഷി മുടങ്ങാതെ ചെയ്തുവരുന്നതാണ് പാടം. മുന്‍വര്‍ഷം ഈ സമയം വിത്തേറ് നടത്തിയിരുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വയല്‍പ്പണി നടത്താനായില്ല. വേനല്‍ മഴ ലഭിച്ച സമയം ഒരു തവണ വയല്‍ ഉഴുതുമറിച്ചിരുന്നു. 1980കളില്‍ രാംപള്ളിയിലെ പാടത്ത് മുത്തങ്ങ പുഴയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കനാലിലൂടെ എത്തിച്ചിരുന്നു.
ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്ന വെള്ളം വയലിന് നടുവിലൂടെ നിര്‍മിച്ച മുഖ്യകനാലിലും തുടര്‍ന്ന് കുളത്തിലും ഇവിടെ നിന്നു ഉപ കാനാലുകളിലൂടെ വിതരണം ചെയ്തുമാണ് കൃഷിക്ക് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ മുഖ്യകനാലും ഉപകനാലുകളും കുളവും നാശോന്മുഖമാണ്.
വര്‍ഷങ്ങള്‍ മുമ്പ് രാംപള്ളിയില് വൈദ്യുതി എത്തിച്ചെങ്കിലും ജലസേചനത്തിന് ഉപയോഗപ്പെടുത്താനായില്ല. മഴയെ മാത്രം ആശ്രയിച്ചാണ് ദീര്‍ഘകാലമായി നെല്‍ക്കൃഷി. ജലസേചന പദ്ധതി പുനരുജ്ജീവിപ്പിച്ചാല്‍ ഈ സാഹചര്യം ഒഴിവാകും. എന്നാല്‍ അതിന് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് ശ്രമം ഉണ്ടാകുന്നില്ല.
വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശമാണ് രാംപള്ളി. ഏറു മാടങ്ങങ്ങള് അടക്കം കെട്ടി കാവല്‍ കിടന്നാണ് കര്‍ഷകര്‍ ആന, പന്നി, മാന്‍, മയില്‍ എന്നീ വന്യജീവികളില്‍നിന്നു കൃഷി സംരക്ഷിക്കുന്നത്.
Tags : Local News Nattuvishesham Wayanad