കടുത്തുരുത്തി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കല്ലറയില്‍ 320 ഹെക്ടര്‍ നെൽകൃഷി നശിച്ചു. വിത കഴിഞ്ഞ് 20 ദിവസമായത് മുതലുള്ള പാടശേഖരങ്ങളാണ് മട വീണും ബണ്ട് തകര്‍ന്നും വെള്ളം കയറി മൂടിയത്. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍പ്പെടുന്ന മുണ്ടാര്‍ മേഖലയിലെ പാടശേഖരങ്ങളിലാണ് കനത്ത നാശമുണ്ടായിരിക്കുന്നത്.
വിരിപ്പു കൃഷിയുടെ ഭാഗമായി കൃഷിയിറക്കിയ വെന്തകരി വടക്ക്, കങ്ങഴ-എട്ട്, തട്ടാപറമ്പ്, പറമ്പന്‍-54, മുണ്ടാര്‍ പുലയക്കോളനി, പറമ്പന്‍കരി, തട്ടാപറമ്പ് തെക്ക് തുടങ്ങി 14 പാടശേഖരങ്ങളിലെ കൃഷിയാണ് നശിച്ചത്. മടവീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് വെള്ളം കയറിയാണ് കൃഷി നശിച്ചത്.
മറ്റു പല വാര്‍ഡുകളിലും പാടശേഖരങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും നാശമുണ്ടായിട്ടില്ല. മഴ കനത്താല്‍ ഇവിടെയും നാശമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. കരിയാറിലെയും കെവി കനാലിലെയും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതാണ് നാശനഷ്ടം വലുതാകാന്‍ ഇടയാക്കിയത്.
615 ഹെക്ടര്‍ വിരിപ്പുകൃഷിയാണ് കല്ലറ പഞ്ചായത്തില്‍ ഇത്തവണ നടത്തിയത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്. സ്വപ്ന, ബ്ലോക്ക് പഞ്ചായത്തംഗം ശ്യാം മോഹന്‍, കൃഷി ഓഫീസര്‍ രശ്മി എസ്. നായര്‍, കൃഷി അസിസ്റ്റന്റ് ഇ. സബിത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.