കള്ളാർ വണ്ണാത്തിക്കാനത്ത് മണ്ണിട്ടുനികത്തിയ വയൽഭൂമി
രാജപുരം: കള്ളാർ വണ്ണാത്തിക്കാനത്ത് വ്യാപകമായി വയൽഭൂമി മണ്ണിട്ടു നികത്തിയതായി കണ്ടെത്തിയ സംഭവത്തിൽ വില്ലേജ് ഓഫീസറുടെ പരാതിയിൽ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു.
കള്ളാർ വില്ലേജ് ഓഫീസർ എം.സുമേഷ് കുമാറിന്റെ പരാതിയിലാണ് രാജപുരം പോലീസ് കേസെടുത്തത്. 2025 സെപ്റ്റംബർ മാസം മുതൽ 2026 മെയ് 30 വരെ നടന്ന വയൽ നികത്തലിൽ റവന്യുവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതിയെ തുടർന്നും മറ്റും നടത്തിയ പരിശോധനയിലാണ് നടപടി.
കള്ളാർ വണ്ണാത്തിക്കാനം കുരിശുപള്ളിക്ക് സമീപം നിലം നികത്തി കവുങ്ങ് നട്ട് ഭൂമി പരിവർത്തനം നടത്തിയതിനും ചാലുകീറിയതിനും ഉൾപ്പെടെ വ്യത്യസ്ത വ്യക്തികൾക്കെതിരെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ റവന്യു അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കയ്യേറ്റം കണ്ടെത്തിയത്. ഇതിനെതിരെയുള്ള സ്വാഭാവിക നടപടിക്രമമായാണ് കേസുകൾ രജിസ്റ്റർ ചെയ്തത് എന്നും അന്വേഷണത്തെ തുടർന്ന് ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം തുടർനടപടികൾ ഉണ്ടാകുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
Tags : Nattuvishesham District News