ചമ്പക്കുളം: നെല്ലുവിലയിൽ സംസ്ഥാന വിഹിതം കുറയ് ക്കുമോ എന്ന ആശങ്കയിൽ കുട്ടനാട്. നെല്ലിന്റെ സംഭരണവില കഴിഞ്ഞ കൃഷിവരെ ലഭിച്ചു വന്ന 28.20 രൂപയിൽ നിന്ന് ഇത്തവണത്തെ പുഞ്ചകൃഷി മുതൽ 30 രൂപയാക്കി ഉയർത്തുകയായിരുന്നു. കേന്ദ്രം നല്കുന്ന 23. 69 രൂപയുടെ കൂടെ സംസ്ഥാന വിഹിതമായി 6.31 രൂപ കൂടി കൂട്ടിച്ചേർക്കുമ്പോൾ ആണ് 30 രൂപയാകുന്നത്.
എന്നാൽ അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ നിലവിലെ നിർദ്ദേശം പ്രാവർത്തികമാക്കേണ്ടി വന്നാൽ കേരളത്തിലെ നെൽകൃഷി ഉപേക്ഷിക്കുക മാത്രമാണ് മാർഗമെന്നാണ് കുട്ടനാടൻ കർഷകർ പറയുന്നത്. അങ്ങനെ വന്നാൽ കർഷകർക്ക് ഒരുകിലോ നെല്ലിന് കേവലം 23.69രൂപയായിരിക്കും ലഭിക്കുക.
2009ൽ കേന്ദ്ര വിഹിതം 9.50 രൂപയും സംസ്ഥാന വിഹിതം 2.50 രൂപയും ചേർത്ത് നെൽകർഷകർക്ക് 12 രൂപയാണ് ലഭിച്ചിരുന്നത്. കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ആനുപാതികമായി വർദ്ധിപ്പിച്ച് 2019-2020 ആയപ്പോൾ നെല്ല് വില 26.95 രൂപയിലെത്തി. ഇതിൽ കേന്ദ്ര വിഹിതം 18.15 രൂപയും സംസ്ഥാന വിഹിതം 8.80 രൂപയും ആയിരുന്നു. തുടർന്ന് വന്ന വർഷങ്ങളിൽ കേന്ദ്ര വിഹിതം ആനുപാതികമായി വർദ്ധിപ്പിച്ച് 2024-25 ൽ 23.00 രൂപയാക്കി.
അതേസമയം 2019-20 മുതൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സംസ്ഥാന വിഹിതം കുറച്ചു കൊണ്ടുവന്നു. 2024-25 ൽ സംസ്ഥാന വിഹിതം വെറും 5.20 രൂപയിലേക്ക് കുറച്ചു കൊണ്ടുവന്നു. ഇതിനോടൊപ്പം 1.11 രൂപയുടെ വർദ്ധനവ് വരുത്തി 6.31 രൂപയാക്കി കേന്ദ്ര വിഹിതമായ 23.69 നോട് ചേർത്താണ് 30 രൂപയെന്ന നിലയിൽ സംസ്ഥാനമെത്തിച്ചത്. സംസ്ഥാനങ്ങൾ നല്കുന്ന പ്രോത്സാഹന തുക വർദ്ധിപ്പിക്കേണ്ട സ്ഥാനത്ത് അവ ഒഴിവാക്കണം എന്ന വിചിത്ര ഉത്തരവിനു മുന്നിൽ പകച്ചു നില്ക്കുകയാണ് കേരളത്തിലെ നെൽകർഷകർ.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ കേന്ദ്ര സർക്കാരിന്റെ ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നല്കിയിട്ടുണ്ട്. കർഷക പ്രതിഷേധങ്ങളും മറ്റ് ഇടപെടലുകളും ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
2019-20 ൽ നല്കിയിരുന്ന സംസ്ഥാന വിഹിതം 8.80 രൂപയായിരുന്നത് കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ വർദ്ധിപ്പിച്ചതുപോലെ വർദ്ധിപ്പിക്കാൻ തയാറായിരുന്നെങ്കിൽ ഇന്ന് കർഷകർക്ക് നെല്ലിന് സംസ്ഥാന വിഹിതമായി ഒരു കിലോക്ക് 14. 34 രൂപ ലഭിക്കേണ്ടതായിരുന്നു. അതിന് പകരം ഇപ്പോൾ അതിന്റെ പകുതിപോലും ലഭിക്കുന്നില്ല. കൂടാതെ അതു നിർത്തലാക്കണമെന്ന ഉത്തരവ് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടും. സംസ്ഥാന വിഹിതം ആനുപാതികമായി നല്കിയിരുന്നെങ്കിൽ കർഷകർക്ക് നെല്ലിന് ഇപ്പോൾ കിലോയ്ക്ക് 38.03 രൂപയെങ്കിലും ലഭിക്കേണ്ടതായിരുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നെൽകൃഷി ചെലവ് കൂടുതലുള്ള സംസ്ഥാനമായ കേരളത്തിലെ ചുമട്ടു കൂലി പോലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന വിഹിതം നിലവിലുള്ളതിൽ നിന്നു വർധിപ്പിച്ച് നല്കാനാണ് കേന്ദ്ര സർക്കാർ ഉത്തരവുണ്ടാകേണ്ടതെന്നാണ് കർഷകരുടെ ആവശ്യം.
Tags : Paddy prices nattuvishesham local news