ടി.എം. ശശി എംഎൽഎയും മറ്റു ജനപ്രതിനിധികളും പാലക്കുഴി പിസിഎയിൽ വനംവകുപ്പ് അധികാരികളുമായി ചർച്ച നടത്തുന്നു.
വടക്കഞ്ചേരി: പ്രകൃതിയുടെ രണ്ട് വരദാനങ്ങളായ പാലക്കുഴിയേയും മംഗലംഡാം വിനോദസഞ്ചാര കേന്ദ്രത്തേയും ബന്ധിപ്പിക്കുന്ന കാനനപാത പരിശോധിക്കാൻ ആലത്തൂർ എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വനത്തിലൂടെ യാത്ര നടത്തി.
കിലോമീറ്ററുകളോളം കാൽനടയായും ജീപ്പിലുമായിട്ടായിരുന്നു യാത്ര.
പാലക്കുഴി മലയിലെ പിസിഎ ഭാഗത്തു നിന്നും യാത്ര തുടങ്ങി പോത്തുമടമല കയറിയിറങ്ങി മംഗലംഡാമിനടുത്തെ വിആർടി വരെയുള്ള ദൂരമാണ് പരിശോധിച്ചത്.
അഞ്ചര കിലോമീറ്റർ വരുന്ന ദൂരത്തിൽ കൂടുതലും വനംവകുപ്പിന്റെ അധീനതയിൽ വരുന്ന സ്ഥലമാണ്. ഇതിൽ നാല് കിലോമീറ്റർ ദൂരം റോഡുണ്ട്. ഒന്നര കിലോമീറ്റർ ദൂരമാണ് നിർമിക്കേണ്ടി വരിക. കിഴക്കഞ്ചേരി പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളെല്ലാം.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, മെംബർമാരായ അനിൽകുമാർ, റെൻസി ജോയ്സ്, ഷെറീഫ്, ഷിബിനാസ്,മാലിനി കണ്ണൻ, മുൻ മെംബർ പോപ്പി ജോൺ, ഫോറസ്റ്റ് ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈർ മറ്റു ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
Tags : Local News Nattuvishesham Palakkuzhi-Mangalandam forest road MLA and sangh