കൊച്ചി: ജില്ലയില്‍ മീനിന് പൊള്ളുന്ന വില. സാധാരണക്കാരന്റെ നിത്യഭക്ഷണത്തിലെ പ്രധാന വിഭവമായ മത്തിയും അയലയും പോലും പലര്‍ക്കും താങ്ങാനാകാത്ത വിലയിലേക്ക് ഉയര്‍ന്നതോടെ കുടുംബ ബജറ്റ് പ്രതിസന്ധിയിലായി. മഴക്കാലത്ത് മത്സ്യലഭ്യത കുറഞ്ഞതും ട്രോളിംഗ് നിരോധനം നിലവിലുള്ളതും ഡീസല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
എല്ലാ വിഭാഗം മത്സ്യങ്ങള്‍ക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗണ്യമായ വിലവര്‍ധനയാണ് ഉണ്ടായത്. പല മീനുകളും കിട്ടാനുമില്ല. വറ്റ, സ്രാവ്, ശീലാവ്, ഓലക്കൊടിയന്, കൂന്തല്‍ എന്നിവ കിട്ടാനില്ലെന്ന് മത്സ്യവ്യാപാരികള്‍ പറയുന്നു. മത്തി ചില്ലറ വില കിലോയ്ക്ക് 300 വരെ എത്തി. കിലോയ്ക്ക് 280 രൂപ ഉണ്ടായിരുന്ന അയല വാങ്ങണമെങ്കില്‍ ഇപ്പോള്‍ 400 രൂപ മുടക്കണം. വറ്റ കിലോയ്ക്ക് 600 രൂപ മുതല്‍ 700 വരെയാണ് വില.
പുഴമീനുകള്‍ക്ക് ഡിമാന്‍ഡ്
കൊച്ചി മാര്‍ക്കറ്റില്‍ പുഴ മീനുകള്‍ക്കാണ് ഡിമാന്‍ഡ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യം പഴകിയതായിരിക്കുമെന്ന് ഭയന്ന് പലരും പുഴ മീനുകളാണ് വാങ്ങുന്നതെന്ന് പച്ചാളം ജിപിഎം ഫിഷ് മര്‍ച്ചന്റ്സ് ഉടമ എം.പി. ഗിരീഷ് പറഞ്ഞു. പുഴ മീനുകള്‍ക്ക് വില കൂടുതലാണെങ്കിലും ബജറ്റിലൊതുങ്ങുന്ന രീതിയില്‍ പലരും വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags : Local News Nattuvishesham Ernakulam