അകലക്കുന്നം: അകലക്കുന്നം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്കി പഞ്ചായത്ത്. ജനവാസ കേന്ദ്രത്തിലും മീനച്ചിലാറിന്റെ കൈവഴിയായ ക്ടാക്കുഴി തോടിനു സമീപത്തായും പ്രവര്‍ത്തനമാരംഭിച്ച പ്ലൈവുഡ് ഫാക്ടറിയുടെ പുകയും മാലിന്യങ്ങളും പ്രദേശത്തെ അന്തരീക്ഷവും ജലവും മലിനമാക്കുന്നുവെന്ന് കാണിച്ചു നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
ആവശ്യമായ സുരക്ഷാസംവിധാനങ്ങളോ മാലിന്യ സംസ്കരണമാര്ഗങ്ങളോ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം.
ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിന് അഞ്ചു മീറ്റര്‍ മാത്രം മാറിയാണ് പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. മൂന്നു മലകളുടെ താഴ്വാരത്തായി പ്രവര്‍ത്തനം ആരംഭിച്ചതോടെ മാലിന്യവും പുകയും പൊടിയും മൂലം പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പരാതികള്‍ നല്‍കിയെങ്കിലും ജനങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്പെഷല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്ത് ഫാക്ടറി അടച്ചുപൂട്ടണമെന്ന പ്രമേയം പാസാക്കിയിരുന്നു.
എന്നാല്‍ പഞ്ചായത്ത് കമ്മിറ്റി തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നു ഭരണത്തിലെത്തിയ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് റവന്യു പുറമ്പോക്ക് ഭൂമി കൈയേറിയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിട നിര്‍മാണത്തില്‍ ചട്ടം ലഘിച്ചെന്നുമുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ പരാതിയില്‍ അന്വേഷണം നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തത്.
ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ എന്‍ഒസി ഇല്ലായെന്നും അന്വേഷണത്തില്‍ കണ്ടെത്തയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് നല്‍കുകയായിരുന്നു.