നീണ്ടൂർ: വെറും പതിനായിരം രൂപയുടെ പ്രവൃത്തി ചെയ്യാൻ തയാറാകാതെ പഞ്ചായത്ത് അധികൃതർ ഒരു കുടുംബത്തിന്റെ സഞ്ചാരം തടസപ്പെടുത്തുന്നു. നിർമാണത്തിലെ അപാകതയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുടുംബത്തെ വലയ്ക്കുകയാണ്.
വിദ്യാർഥികളടങ്ങിയ തന്റെ കുടുംബം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാന്നാനം കെഇ സ്കൂൾ അധ്യാപികയായ നീണ്ടൂർ ബിജുവിലാസത്തിൽ ലെജി ഭാസ്കർ പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും കളക്ടറേറ്റിലുമെല്ലാം കയറിയിറങ്ങിയിട്ടും കുടുംബത്തിന് നീതി ലഭിക്കുന്നില്ല.
വീടിനു തൊട്ടുമുന്നിലൂടെയുള്ള പഞ്ചായത്ത്വഴി ഏതാനും വർഷം മുമ്പ് മണ്ണിട്ടുപൊക്കി നവീകരിച്ചതോടെയാണ് കുടുംബത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. റോഡ് നവീകരിച്ചപ്പോൾ ഓടയിലൂടെ വെള്ളമൊഴുകാനുള്ള സംവിധാനം അധികൃതർ അടച്ചു. ഇതോടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലൂടെ നടക്കാതെ വീട്ടിലേക്കോ തിരിച്ചോ പോകാൻ പറ്റാതായി. സെല്ലുലൈറ്റിസ് രോഗബാധിതയായ ലെജിയുടെ രോഗം മലിനജലത്തിൽ ഇറങ്ങുന്നതോടെ മൂർച്ഛിച്ചിരിക്കുകയാണ്.
റോഡ് നിർമാണ പ്രവർത്തനങ്ങൾ മൂലം അടഞ്ഞുപോയ പ്രകൃതിദത്ത ഡ്രെയിനേജ് സംവിധാനം പുനഃസ്ഥാപിച്ചാൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുമെന്ന് ലെജി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നീണ്ടൂർ പഞ്ചായത്തിൽ പരാതി നൽകിയപ്പോഴാണ് ഡ്രെയി നേജ് സൗകര്യം നിർമിക്കുന്നതിന് 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന വിവരം അറിയുന്നത്. വിവരമറിഞ്ഞ് വാർഡ് മെംബറെ സമീപിച്ചെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. പഞ്ചായത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഏറ്റുമാനൂർ പോലീസിനെ സമീപിച്ചു. അവരുടെ നിർദേശമനുസരിച്ചാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
Tags : nattu vishesham Panchayat refuses to carry out