കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി ബസുകൾ പാതിവഴിയിൽ നിലയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു.കുറ്റ്യാടി ചുരം കയറുന്ന ബസുകൾക്കാണ് മിക്ക ദിവസങ്ങളിലും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കേണ്ടി വരുന്നത്.
അടുത്തകാലത്തായി നിരവധി ബസുകൾ ചുരത്തിൽ കുടുങ്ങി ഗതാഗതം താറുമാറായി. കാലപ്പഴക്കം ചെന്ന ബസുകളായതുകൊണ്ടാണ് പാതിവഴിയിൽ സർവീസ് നിലക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. പത്തുവർഷത്തിലേറെയായി തൊട്ടിൽപാലം ഡിപ്പോയിൽ പുതിയ ബസുകൾ ഒന്നും ലഭിച്ചിട്ടില്ല. സ്വകാര്യ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നില്ല. യാത്രക്കാരുടെ ഏക ആശ്രയം കെഎസ്ആർടിസി ബസുകൾ മാത്രമാണ്.
ഒരാഴ്ച മുമ്പ് അമിത ലോഡുമായി ചുരം കയറിയ ബസ് എട്ടാം വളവിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിടുകയും ചെയ്തിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം ബസ് ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു. നേരത്തെ മാനന്തവാടിയിലേക്ക് പോയ ബസ് പൂതംപാറയിൽ കേടായി സർവീസ് മുടങ്ങി. ഈ ബസിലെ യാത്രക്കാരും പിന്നാലെ എത്തിയ പ്രിയദർശിനി ബസിൽ കയറുകയായിരുന്നു. 150 ൽ ഏറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അമിത ലോഡ് കാരണമാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം.
ചുരം വഴി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറവാണ്. ഇതുകാരണം മിക്ക ബസുകളും അമിത ലോഡുമായി പോകേണ്ട അവസ്ഥയാണ്. ഇതാണ് ബസുകൾ പെട്ടെന്ന് കേടാകാൻ കാരണമെന്നും യാത്രക്കാർ പറയുന്നു. കേടായ ബസുകൾ നന്നാക്കുന്നതിന് ആവശ്യമായ സ്പെയർ പാർട്സുകൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ചുരം വഴി സർവീസ് നടത്തുന്നതിന് ലെയ്ലൻഡ് ബസുകളോ പുതിയ ബസുകളോ വേണമെന്നാണ് ജീവനക്കാർ പറയുന്നത്.
ഇതിന് വേണ്ട നടപടി അധികൃതർ എടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുകയും ചെയ്തിട്ടുണ്ട്.