കൂരാച്ചുണ്ട്: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശുചീകരണം നടത്താത്ത കൂരാച്ചുണ്ട് അങ്ങാടിയിലെ ഓവുചാലുകൾ അടിയന്തരമായി ശുചീകരണം നടത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പലയിടങ്ങളിലും മണ്ണടിഞ്ഞും മാലിന്യം നിറഞ്ഞും കിടക്കുന്ന ഓവുചാലുകൾ കോരി ശുചീകരിക്കണം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓവുചാലുകൾ വൃത്തിയാക്കുമെന്ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പറഞ്ഞുവെങ്കിലും നടപടിയായില്ല.ഓവുചാലിലേക്ക് മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും പലയിടത്തും ഒഴുക്കുന്നതിനാൽ എലികളും പെരുച്ചാഴികളും പെരുകുകയാണെന്നും യോഗം ആരോപിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിലെ എല്ലാ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന കുടിവെള്ള പൈപ്പുകൾ ഓവുചാലിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഏറെ ഗുരുതരമായ അവസ്ഥയാണ്. മാത്രമല്ല അങ്ങാടിയിലെ ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതാണ് പ്രശ്നം.
അങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയിൽ കാടു വളരുകയും ഇവിടെ ഇഴജന്തുക്കൾ ഉണ്ടാകുന്നതിനിടയാക്കുന്നതിനാൽ കാടുവെട്ടി വൃത്തിയാക്കണമെന്നും പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഭീക്ഷണിയാകുന്ന കാടുകൾ വെട്ടിനീക്കാൻ നടപടി വേണമെന്നും, തൊഴിലുറപ്പ് മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് കൈയ്യുറയും ബൂട്ടും നൽകണമെന്നും യോഗം പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.എ.കെ. പ്രേമൻ ,കെ.എം പീറ്റർ, തോമസ് പുന്നമറ്റത്തിൽ,വിനു മ്ലാക്കുഴിയിൽ,ഗോപിനാഥൻ,ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.