പെരുനാട് കുട്ടിവനത്തിൽ തള്ളിയ മാലിന്യങ്ങൾ ഭക്ഷിക്കുന്ന പശു.
പെരുനാട്: ശബരിമല പാതയിലെ പെരുനാട് പുതുക്കട കുട്ടിവനത്തിൽ മാലിന്യം തള്ളുന്നത് വിവാദത്തിൽ. വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധം ഉയർന്നപ്പോൾ റവന്യുഭൂമിയിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്ന വാദവുമായി പഞ്ചായത്തും രംഗത്തെത്തി.
പെരുനാട് ഗ്രാമ പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് വനത്തിൽ കൊണ്ടിടുന്നത്. രഹസ്യമായാണ് മാലിന്യം തള്ളുന്നതെങ്കിലും പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം വന്നുപോകുന്നത് സമീപവാസികളും യാത്രക്കാരും പലതവണ കണ്ടിരുന്നു. പരിസ്ഥിതിക്ക് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കുട്ടിവനത്തിൽ മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നത് പുറത്തറിഞ്ഞതോടെ പ്രതിഷേധം ശക്തമായി. വാഹനത്തിലാണ് മാലിന്യം എത്തിക്കുന്നത്. സമീപവാസികളുടെ പശുക്കളെ കുട്ടിവനത്തിൽ മേയാൻ വിടാറുണ്ട്. മാലിന്യം പശുക്കൾ ആഹാരമാക്കുന്നതും പതിവായി. ഉപ്പുരസം കൂടുതലുള്ള പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടയുള്ളവയാണ് ഇവ ഭക്ഷണമാക്കുന്നത്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ അടക്കം മാലിന്യം തേടി എത്താറുണ്ട്.
ജൈവ മാലിന്യം കുട്ടിവനത്തിൽ കുഴിച്ചിട്ടശേഷം മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ, പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യമാണ് ഇവിടെ കൂടുതലായി കാണുന്നത്. മാലിന്യം കൂനപോലെ പല സ്ഥലങ്ങളിലായി കൂടിക്കിടക്കുകയുമാണ്. കുഴിയുണ്ടെങ്കിലും മൂടാറില്ല. മാലിന്യം കത്തിച്ചതിനേത്തുടർന്നുള്ള കരിയും കാണാം. മാലിന്യം കത്തിക്കുന്നതിനെതിരേ സമീപവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു. മാലിന്യം കത്തിക്കുമ്പോൾ സമീപത്തെ വനംവകുപ്പിന്റെ തേക്കു കൂപ്പിലേക്ക് തീ പടരാനും സാധ്യതയുണ്ട്.
വനമല്ല, റവന്യുഭൂമിയെന്ന് പഞ്ചായത്ത്
കുട്ടിവനം റവന്യു ഭൂമിയാണെന്ന് പെരുനാട് പഞ്ചായത്ത് അധികൃതർ. രണ്ടു മാസത്തിലൊരിക്കൽ മാലിന്യം കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്. മാറ്റാരെങ്കിലും മാലിന്യം കുട്ടിവനത്തിൽ തള്ളുന്നുണ്ടോയെന്ന് അറിയില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ, മാലിന്യവുമായി ദിവസവും വാഹനങ്ങൾ കയറിയിങ്ങുന്നതിന്റെ സൂചനകൾ കുട്ടിവനത്തിലേക്കുള്ള വഴിയിലുണ്ട്.
മാലിന്യം കത്തിക്കാറില്ലെന്നും മറ്റാരെങ്കിലും അതിക്രമിച്ചു കടന്ന് മാലിന്യം തള്ളിയശേഷം കത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പറഞ്ഞു. സ്ഥലത്തേക്കുള്ള വഴി ചങ്ങലകെട്ടി അടയ്ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Tags : Kuttivanam NattuVishasham DistrictNews