പ്രതീകാത്മക ചിത്രം
മുതലമട: പുതിയ പറന്പിക്കുളം കെഎസ്ആർടിസി ബസ് സർവീസ് ചിറ്റൂർ- നന്ദിയോടു വഴിയാക്കണമെന്നു പറന്പിക്കുളത്തുകാർ. അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പറന്പിക്കുളത്തെ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ.
പറമ്പിക്കുളത്തുനിന്നും മുതലമടയിലേക്കെത്താൻ വേണ്ടിയാണ് ഒരു സേവന സംഘടന ബസോടിക്കാൻ കെഎസ്ആർടിസിക്ക് 40 ലക്ഷംരൂപ ധനസഹായം നൽകിയിരിക്കുന്നത്. പറമ്പിക്കുളം നിവാസികൾക്ക് മുതലമട ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം, കൃഷിഭവൻ, ട്രൈബൽ ഓഫീസ് ഉൾപ്പെടെ ഓഫീസുകളിലേക്ക് എളുപ്പത്തിൽ എത്താനാണ് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്.
നിലവിൽ പറമ്പിക്കുളത്തുനിന്നും മുതലമട, കൊടുവായൂർവഴി പാലക്കാട്ടിലെത്തുന്ന രീതിയിലാണ് ക്രമീകരണം നിശ്ചയിച്ചിരിക്കുന്നത്. ഇതു പറമ്പിക്കുളം നിവാസികൾക്ക് ചിറ്റൂരിലെ താലൂക്ക് ഓഫീസ്, മിനിസിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കെത്താൻ അസൗകര്യമാണ്.
നെന്മാറ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി.എൻ. വിജയകൃഷ്ണനാണ് പുതിയ സർവീസിനായി കെഎസ്ആർടിസിക്ക് ധനസഹായം നൽകിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പറന്പിക്കുളത്തുകാർക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് സൗകര്യമൊരുക്കിയത്.