ആലത്തൂർ: കത്തോലിക്ക കോൺഗ്രസ് ആലത്തൂർ യൂണിറ്റും ഓയിസ്ക ഇന്റർനാഷണൽ പരിസ്ഥിതി സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമുദയ നടീൽ ഉത്സവം ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി അങ്കണത്തിൽ ഈ വർഷത്തെ പത്താമുദയദിനമായ നാളെ രാവിലെ ഒന്പതിന് ആരംഭിക്കും.
പുതുതലമുറയ്ക്ക് കാർഷിക സംസ്കൃതിയെക്കുറിച്ച് ആഴത്തിൽ അടുത്തറിയാനും കാർഷിക മേഖലയിലെ നാട്ടറിവുകൾ അവർക്ക് പകർന്നു നല്കാനുമുള്ള ശ്രമമാണ് ഈ കാർഷികസംഗമമെന്ന് ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു. വിത്ത് വിതയ്ക്കാനും കിഴങ്ങ് വർഗ നടീൽ വസ്തുക്കൾ നടാനും ഏറ്റവും അനുയോജ്യമായ ദിവസമാണ് മലയാള മാസത്തിലെ മേടപ്പത്ത് അഥവാ പത്താമുദയം.
കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണിത്. സൂര്യൻ ഏറ്റവും ബലവാനായി അത്യുച്ചരാശിയിൽ എത്തുന്ന ദിവസം കൂടിയാണിത്. പത്താമുദയദിനത്തിൽ നടുന്ന നടീൽ വസ്തുക്കൾക്ക് ഏറ്റവും നല്ല വിളവ് ലഭിക്കുകയും കീട, രോഗ ശല്യങ്ങൾ വളരെ കുറവായിരിക്കുകയും ചെയ്യും. ഉപ്പ് വിതറി തെങ്ങിൻ തൈകൾ നടാനും ഏറ്റവും ഉത്തമമായ ദിവസം കൂടിയാണിത്.
ഏറെ കാർഷിക നാട്ടറിവ് പകരുന്ന ഈ മഹോത്സവത്തിൽ തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെയും ചേന, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്ക, കപ്പ തുടങ്ങി കിഴങ്ങ് വർഗങ്ങളുടെയും, വിവിധ തരം നെൽവിത്തുകളുടെയും പച്ചക്കറി, ഇലവർഗ കായ്കറികൾ തുടങ്ങിയവയുടെ പ്രദർശനവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കൂടാതെ അടുക്കളതോട്ടങ്ങൾക്കും വിപുലമായ പച്ചക്കറി, കിഴങ്ങ് വർഗ കൃഷികൾക്കാവശ്യമായ നാനോ മൈക്രോ ന്യൂട്രിയന്റ് വളങ്ങളുടെ പ്രദർശനവും ഒപ്പം ഉണ്ടായിരിക്കും.
പത്താമുദയ നടീൽ ഉത്സവം ആലത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരിത സുഭാഷ് ഉദ്ഘാടനം ചെയ്യും. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിക്കും.
ഐക്യരാഷ്ട്രസഭയുടെ അംഗീകൃത പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ . ശുദ്ധോധനൻ മുഖ്യ പ്രഭാഷണം നടത്തും. ആലത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. വിനോദ്, ആലത്തൂർ സീഡ് ഫാം അസിസ്റ്റന്റ് ഡയറക്ടർ ആർ. രശ്മി, കൃഷി ഓഫീസർ കെ. ശ്രുതി, എകെസിസി ആലത്തൂർ യൂണിറ്റ് പ്രസിഡന്റ് ജോബ് ജോൺ, ആലത്തൂർ ഹോളി ഫാമിലി ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ചിറമ്മേൽ, കാർഷിക ഗവേഷണരംഗത്തെ പ്രമുഖ കർഷകൻ ചാർളി മാത്യു പാലക്കുഴി എന്നിവർ ആശംസകൾ അർപ്പിക്കും.
ഇടവക ട്രസ്റ്റിമാരായ ടിജോ പാറയ്ക്കൽ സ്വാഗതവും ബിജു തലക്കോടൻ നന്ദിയും പറയും. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കും കാർഷിക മേഖലയിൽ താത്പര്യമുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാം.
Tags : Patamudaya Nadil nattuvishesham local news