തകര്‍ന്നുകിടക്കുന്ന പഴുക്കാക്കുളം-കാരുപ്പാറ റോഡ്.
തൊടുപുഴ: അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നടിഞ്ഞ പഴുക്കാക്കുളം കാരുപ്പാറ റോഡിന്റെ നവീകരണത്തിനായി പ്രദേശവാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷത്തിലേറെയായി. കുണ്ടുംകുഴിയുമായി കിടക്കുന്ന ഈ റോഡിലൂടെ കാല്‍നടയാത്രപോലും ദുഷ്കരമാണ്.ഓട്ടോവിളിച്ചാല്‍ പോലും ഇതുവഴി എത്താത്ത സ്ഥിതിയാണുള്ളത്.
വാഹനങ്ങളുടെ ടയര്‍ തകരാറിലാകുന്നത് പതിവായതോടെ ഇതുവഴി സഞ്ചരിക്കാന്‍ പലരും തയാറാകാത്ത അവസ്ഥയാണ്. റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കയറാത്ത ഓഫീസുകളില്ല.
പരാതിയും പരിദേവനവുമായി നടന്നിട്ടും പരിഹാര നടപടികള്‍ ഇനിയും അകലെയാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരേ കനത്തപ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.നഗരസഭാപരിധിയിലൂടെ കടന്നുപോകുന്ന മുതലക്കോടം-ഏഴല്ലൂര്‍ റോഡും കുന്നം-പടി. കോടിക്കുളം റോഡും ബിഎംബിസി നിലവാരത്തില്‍ നേരത്തേ നവീകരിച്ചിരുന്നു. ഈ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പഴുക്കാക്കുളം-കാരുപ്പാറ റോഡ് മാത്രം പുനര്‍നിര്‍മിക്കാന്‍ ആരും തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മുന്‍ മന്ത്രി പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നു പഴുക്കാക്കുളം-കാരുപ്പാറവഴി മുണ്ടന്മുടിക്ക് ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നതോടെ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ഇതുവഴി സര്വീസില്ലാതായിട്ട് 12 വര്‍ഷത്തോളമായി. നഗരസഭാ പരിധിയില്‍പ്പെട്ട ഈ റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഭരണസമിതിക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഈ പ്രദേശത്തെ ജനസാന്ദ്രത ഏറെ വര്‍ധിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ഹൈറേഞ്ച് മേഖലയുമായി ബന്ധപ്പെടുന്നതിനുള്ള ഏറ്റവും എളുപ്പവഴിയാണിത്. തൊടുപുഴയുടെ വടക്ക്-കിഴക്ക് മേഖലയിലുള്ളവര്‍ക്ക് തൊടുപുഴ നഗരത്തിലേക്കും അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജിലേക്കും എത്താന്‍ പ്രയോജനകരമാണ് ഈ റോഡ്. റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് അപു ജോണ്ജോസഫിന് പഴുക്കാക്കുളം പൗരസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്. റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് പൗരസമിതി കണ്‍വീനര്‍ ബേബി ഓണാട്ട് ആവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews