വറ്റിവരണ്ട പീച്ചി ഡാം റിസർവോയർ.
പീച്ചി: കനത്ത ചൂടിൽ വരണ്ടുണങ്ങി പീച്ചി ഡാം. 11 ശതമാനത്തിൽ താഴെ മാത്രമാണ് പീച്ചിഡാം റിസർവോയറിലെ നിലവിലെ സംഭരണം. 66.72 മീറ്ററാണു ജലനിരപ്പ്. പരമാവധി ജലനിരപ്പിൽനിന്നു 13 അടിയോളം താഴെയാണിത്. 94.95 മില്യണ്‍ ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 10.45 മില്യണ്‍ ക്യൂബിക് മീറ്റർ വെള്ളം മാത്രമാണ് നിലവിലുള്ളത്.
അതേസമയം കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളസ്രോതസുകൾ റീചാർജ് ചെയ്യുന്നതിനുമായി വലതുകര കനാലിലൂടെ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. കൂടാതെ ഫ്ലോട്ടിംഗ് ഇൻടേക്ക് സംവിധാനം വഴി തൃശൂർ ടൗണിലേക്കുള്ള കുടിവെള്ളവിതരണവും ഇവിടെനിന്നു നടക്കുന്നുണ്ട്. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഡാമിലെ ജലനിരപ്പ് ഇനിയും കുറയുമെന്ന ആശങ്കയുണ്ട്.
2018ലെ പ്രളയസമയത്ത് ഒഴുകിയെത്തിയ വൻ മരങ്ങൾ ഉൾപ്പെടെയുള്ളവ ഇപ്പോഴും റിസർവോയറിൽ തന്നെയുണ്ട്. ഇതു നീക്കം ചെയ്യാത്തത് ഡാമിന്റെ സംഭരണശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. തൃശൂർ ജില്ലയിലെ പ്രധാന കുടിവെള്ളസ്രോതസായ പീച്ചിഡാമിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി ഉറപ്പുവരുത്തണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.
Tags : Peachy with a twist nattuvishesham local news