വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈപ്പ് പൊട്ടി ഞാവൽച്ചുവട് പാലത്തിൽ വെള്ളം പാഴാകുന്നു.
ചെറുതോണി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നു. ചെറുതോണി - മണിയാറൻകുടി റോഡിൽ ഞാവൽച്ചുവട് പാലത്തിലാണ് പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളം ഒഴുകിപ്പോകുന്നത്.
ഇടുക്കി അണക്കെട്ടിൽനിന്നു വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈപ്പാണ് പൊട്ടി ഒഴുകുന്നത്. ദിവസവും ഈ പൈപ്പിലൂടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് നഷ്ടപ്പെടുന്നത്.
പല തവണ ഇതുവഴി ജല അഥോറിറ്റി അധികൃതർ കടന്നുപോകാറുണ്ടെങ്കിലും പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.
ഈ പാലത്തിൽ ഒട്ടുമിക്ക ദിവസങ്ങളിലും വലിയ പൈപ്പോ, കുടിവെള്ള വിതരണ പൈപ്പോ പൊട്ടാറുണ്ട്. ശാശ്വതമായി പ്രശ്നം പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കൊടും വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ കുടിവെളള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ശാശ്വതമായി പരിഹരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Pipe bursts nattuvishesham local news