തൃശൂർ: തമിഴ്നാട്ടിൽനിന്നു സിമെന്റ് കയറ്റിയ ലോറിയുമായി വരുന്പോൾ നെഞ്ചുവേദനയെത്തുടർന്ന് അവശനായ ഡ്രൈവർക്കു രക്ഷകരായി നെടുപുഴ പൊലിസ്. തിരുവല്ലക്കാരനായ ഡ്രൈവർ കുരുവിള(62)യെയാണു പൊലിസ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ ആനക്കല്ലിൽവച്ചാണു സംഭവം.
തൃശൂരെത്തുംമുന്പേ നെഞ്ചുവേദന തോന്നിയെങ്കിലും കുരുവിള വാഹനം ഓടിക്കുകയായിരുന്നു. ആനക്കല്ലിലെത്തിയപ്പോൾ വേദന സഹിക്കാൻ കഴിയാതെ വാഹനം നിർത്തി പുറത്തിറങ്ങി നെഞ്ചുപൊത്തിപ്പിടിച്ചു റോഡിലിരുന്നു. നെടുപുഴ പൊലിസ് നൈറ്റ് പട്രോളിംഗിനിടെ അതുവഴിയെത്തിയപ്പോൾ കൈകാട്ടിനിർത്തി. ഉടൻ പട്രോളിംഗ് വാഹനത്തിൽതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണം കണ്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിലേക്കും എത്തിച്ചു. തുടർന്ന് കുരുവിളയുടെ തിരുവല്ലയിലുള്ള വീട്ടുകാരെ വിവരം അറിയിക്കുകയും അവർ വലപ്പാട്ടുള്ള ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കൾ ആശുപത്രിയിലെത്തുകയും ചെയ്തു. കുരുവിളയെ ഐസിയുവിൽനിന്ന് ഉടൻ വാർഡിലേക്കു മാറ്റുമെന്നും സുഖം പ്രാപിച്ചുവരുന്നതായും ബന്ധുക്കൾ അറിയിച്ചതായി പൊലിസ് പറഞ്ഞു. എസ്ഐ എം.പി. സന്തോഷ്കുമാർ, എസ്സിപിഒ ബിജീന്ദ്രൻ, ഹോം ഗാർഡ് സുനിൽകുമാർ എന്നിവർ ചേർന്നാണു കരുവിളയെ ആശുപത്രിയിൽ എത്തിച്ചത്.
Tags : Nattuvishesham Districtnews Deepikanews Police come