വടക്കഞ്ചേരി: സിപിഎമ്മിലെ മുതിർന്ന നേതാവും മുൻ ഏരിയ സെക്രട്ടറിയും രണ്ടുതവണ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. ബാലൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്തിൽ ഇത്തവണ എന്തുസംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ.
പഞ്ചായത്തിലെ സിപിഎമ്മിന്റെ മുഖം എന്നൊക്കെ അറിയപ്പെട്ടിരുന്ന കെ. ബാലൻ ഏഴാം വാർഡായ മംഗലംഡാം പറശേരിയിൽ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് ഇക്കുറി സിപിഎമ്മിനെതിരെ മത്സരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി എ. ഷെറീഫാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ പി.ആർ. രാമകൃഷ്ണനും മത്സരരംഗത്ത് സജീവമായുണ്ട്.
34 വർഷം കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി. സുകുമാരൻ മാസ്റ്ററുടെ മകനും മരുമകളും സിഎംപി ടിക്കറ്റിൽ വീണ്ടും മത്സരിക്കുന്ന ഇളവം പാടം, ചെറുകുന്നം വാർഡുകളിലെ മത്സര ഫലങ്ങളും ഇത്തവണ ശ്രദ്ധാകേന്ദ്രമാകും.
മലയോര കുടിയേറ്റ മേഖലയിലെ വാർഡ് പതിനൊന്ന് പാലക്കുഴിയും ശ്രദ്ധാകേന്ദ്രമാണ്. റെൻസി ജോയ്സാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ലിസി വിൻസന്റ് എൽഡിഎഫ് സ്ഥാനാർഥിയായും ജനവിധി തേടുന്നു. 2010ലും 2015 ലും യുഡിഎഫിനൊപ്പം നിന്ന വാർഡാണ് പാലക്കുഴി.
ഇക്കുറി വാർഡ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. പഞ്ചായത്തിൽ കഴിഞ്ഞ തവണ സിപിഎം മഹാഭൂരിപഷത്തിൽ വിജയിച്ച വാർഡുകളുമുണ്ട്.
തെക്കിൻക്കല്ല വാർഡിൽ കെ. രവീന്ദ്രൻ 601 വോട്ടിനും കാരപ്പാടം വാർഡിൽ എൻ. ശിവദാസൻ 829 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്. പഞ്ചായത്തിൽ ഇത്തവണ 24 വാർഡുകളുണ്ട്. എൽഡിഎഫിൽ സിപിഎം 20, സിപിഐ നാല് എന്നിങ്ങനെയും യുഡിഎഫിൽ കോൺഗ്രസ് 19, മുസ്ലീം ലീഗ് ഒന്ന്, സിഎംപി രണ്ട്, യുഡിഎഫ് സ്വതന്തൻ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വീതംവച്ചിട്ടുള്ളത്.
വാർഡ് 21 അങ്ങൂട് യുഡിഎഫിനു സ്ഥാനാർഥിയില്ല. സീറ്റ് വീതം വയ്പിൽ പുതിയ വാർഡായ അങ്ങൂട് മാറിപ്പോയെന്നാണ് നേതൃത്വം പറയുന്നത്.
എൽഡിഎഫിനു മാത്രമെ ഇവിടെ സ്ഥാനാർഥിയുള്ളു. ലളിത ചന്ദ്രൻ. പിന്നെയുള്ളത് സ്വതന്ത്രയായി മത്സരിക്കുന്ന കെ. അജിതയാണ്. ഇവരുടെ അവസാന റൗണ്ട് നിലപാടനുസരിച്ച് യുഡിഎഫുകാർക്കു വോട്ടുചെയ്യേണ്ടി വരും.
Tags : Eastern Region