വിപണിയിലെത്തുന്ന ചെറുനാരങ്ങ.
വടക്കഞ്ചേരി: പൊള്ളിക്കുന്ന വേനൽച്ചൂടിൽ ചെറുനാരങ്ങ വില പുതിയ റെക്കോർഡിലെത്തി. കിലോക്ക് 250 രൂപയാണ് ഇപ്പോൾ ചെറുനാരങ്ങയുടെ വില.
ഇത്രയും ഉയർന്ന വില അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നു. ചില സമയങ്ങളിൽ മൂന്നു കിലോയ്ക്ക് 100 രൂപ മാത്രം വില വരുന്ന നാരങ്ങാവിലയാണ് വേനൽചൂടിലെ ഡിമാന്റിൽ വില കുതിച്ചുയർന്നീട്ടുള്ളത്.
ഉയർന്ന വില കൊടുത്താലും നല്ല നീരുള്ള നാരങ്ങ കിട്ടാനുമില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായും വരുന്നത്.
ശീതളപാനീയ കടകളിലും വീട്ടാവശ്യത്തിനും ഹോട്ടലുകളിലുമെല്ലാം ചെറുനാരങ്ങയ്ക്ക് ആവശ്യം കൂടിയതോടെയാണ് ദിനംപ്രതി വിലയും കൂടുന്നത്.
തണ്ണിമത്തൻ വിലയും അഞ്ചുരൂപ മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. കരിക്കുവിലയും ഉയർന്നു തന്നെ. വില കുറഞ്ഞു നിന്നിരുന്ന നേന്ത്രപ്പഴ വിലയും കൂടി കൊണ്ടിരിക്കുകയാണ്. 40 രൂപയായിരുന്ന വില ഇപ്പോൾ 45 രൂപയായി. നാടൻ നേന്ത്രപ്പഴം കിട്ടാനില്ല. കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു നശിക്കുന്നതാണ് വില ഉയരാൻ കാരണമാകുന്നത്. നേന്ത്രപ്പഴവില അമ്പതും കടക്കുമെന്നു കച്ചവടക്കാർ പറയുന്നു.