ആലപ്പുഴ: തോടുകൾ നശിച്ചാൽ നാട് നശിക്കും. ഇത് 2018ലെ വെള്ളപ്പൊക്കകാലത്ത് ഉൾപ്പെടെ കേരള ജനത തിരിച്ചറിഞ്ഞ സത്യമാണ്.തോടുകളും ജലാശയങ്ങളും സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല,നമ്മുടെയൊക്കെ അശ്രദ്ധ മൂലം വലിച്ചെറിയുന്ന മാലിന്യങ്ങൾരോഗമായി നമ്മളിലേക്കുതന്നെ എത്തുന്നു. ഇവ വൃത്തിയാക്കാൻഅധികൃതരും കാര്യമായി ശ്രമിക്കുന്നില്ല എന്നുള്ളത് സത്യമാണ്.
ഇത്തരത്തിൽ അധികൃതരുടെ ശ്രദ്ധ എത്തേണ്ട പ്രധാന ചിലജലാശയങ്ങളുടെ അവസ്ഥ തുറന്നുകാട്ടുകയാണ് ഇവിടെ.
നവീകരിച്ച വരട്ടാർ മാലിന്യക്കൂമ്പാരമായി; ദുർഗന്ധവും രോഗഭീഷണിയും
ചെങ്ങന്നൂർ: ജനകീയ പങ്കാളിത്തത്തോടെ കോടികൾ ചെലവിട്ട് നവീകരിച്ച തിരുവൻവണ്ടൂർ പഞ്ചായത്തിലെ പഴയ വരട്ടാർ (മുളന്തോട്) ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. തോട്ടിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടതോടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും രൂക്ഷമായ ദുർഗന്ധം പ്രദേശമാകെ പടരുകയും ചെയ്യുന്നത് നാട്ടുകാരിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്.
രോഗഭീഷണിയിൽ ജനം
നാലാം വാർഡിലെ വടുതലപ്പടി, പിഐപി കനാൽ പാലം, ഗവ. യുപി സ്കൂൾ പരിസരം എന്നിവിടങ്ങളാണ് മാലിന്യനിക്ഷേപത്തിന്റെ പ്രധാനകേന്ദ്രങ്ങൾ. കോഴിമാലിന്യം, മത്സ്യം, അടുക്കള മാലിന്യങ്ങൾ എന്നിവ കൂടാതെ ചത്ത ജന്തുക്കളെയും ഇവിടെ തള്ളുന്നുണ്ട്. മാവേലി സ്റ്റോർ, ജനസേവന കേന്ദ്രം, ധനകാര്യസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ കിണറുകളിലെ ജലത്തെയും ഇത് ബാധിച്ചിട്ടുണ്ട്. പരിശോധനയിൽ കിണർവെള്ളത്തിൽ അനുവദനീയമായതിനേക്കാൾ അഞ്ചു മടങ്ങ് അധികം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ജലത്തിന്റെ പിഎച്ച് മൂല്യം കുറവാണെന്നും നിറം കറുപ്പായി മാറിയതായും റിപ്പോർട്ടുകളുണ്ട്.
തടസമായി റോഡ് നിർമാണം
2017ൽ സജി ചെറിയാന്റെ നേതൃത്വത്തിൽ കരുണ പാലിയേറ്റീവ് സൊസൈറ്റിയും പഞ്ചായത്തും ചേർന്ന് വലിയ തോതിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അന്ന് വെള്ളത്തിൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ, തൈപ്പറമ്പിൽപടി-വടുതലപ്പടി റോഡ് നിർമിച്ചപ്പോൾ നീരൊഴുക്കിന് തടസമുണ്ടാകുകയായിരുന്നു. തോട്ടിലൂടെ വെള്ളം സുഗമമായി ഒഴുകാൻ ആവശ്യമായ മാൻഹോൾ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാത്തത് റോഡ് നിർമാണവും അപൂർണമാക്കാൻ കാരണമായി.
അന്നത്തെ നവീകരണത്തിന്റെ 65 ശതമാനം പ്രവർത്തനങ്ങൾ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളൂ. ചില തത്പര കക്ഷികളുടെ ഇടപെടലുകൾ കാരണം ബാക്കി ഭാഗങ്ങളിലെ തടസങ്ങൾ നീക്കാൻ കഴിഞ്ഞില്ല. നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ തോട്ടിലെ തടസങ്ങൾ പൂർണമായി നീക്കം ചെയ്താൽ മാത്രമേ വരട്ടാറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനും നാട്ടുകാരുടെ രോഗഭീതി അകറ്റാനും സാധിക്കൂ എന്നാണ് നാട്ടുകാർ പറയുന്നത്.
തീരാശാപമായി കോട്ടത്തോട്
മാവേലിക്കര: വെള്ളൂര്‍ കുളത്തിന് കിഴക്ക് ഭാഗത്തുനിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന ജലസംഭരണികളായ നിരവധി കുളങ്ങളുമായി ബന്ധപ്പെട്ട് നഗരഹൃദയത്തിലൂടെ അച്ചന്‍കോവിലാറ്റില്‍ പതിക്കുന്ന മാവേലിക്കരയിലെ പ്രധാന ശുദ്ധജല തോടായിരുന്ന കോട്ടത്തോട് നഗരവാസികള്‍ക്ക് ഇന്ന് തീരാശാപമായി മാറിയിരിക്കുകയാണ്.
കൈയേറ്റങ്ങളും മാലിന്യം തള്ളലും മലിനജലം ഒഴുക്കി വിടലും കാരണം കോട്ടത്തോട് തീര്‍ത്തും ഒരു മലിന ജലവാഹിനിയാണ്. 2023ല്‍ കോട്ടത്തോട്ടില്‍ 51 കൈയേറ്റങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും മൂന്നു പേര്‍ക്ക് മാത്രം നോട്ടീസ് നല്‍കാനാണ് നഗരസഭ അധികൃതര്‍ക്ക് മൂന്നു വര്‍ഷമായിട്ടും കഴിഞ്ഞത്. ഇതിനിടെ തോട്ടില്‍ അശാസ്ത്രീയമായി നിര്‍മിച്ച ബോക്സ് കള്‍വെര്‍ട്ടുകള്‍ തോടിന്റെ ഒഴുക്കിനേയും വലിയതോതില്‍ തടസപ്പെടുത്തുന്നുണ്ട്.
അങ്ങിങ്ങായി തോടിന്റെ പലഭാഗങ്ങളിലും മലിനജലം കെട്ടിനിന്ന് വലിയ ആരോഗ്യഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കോട്ടതോടിന്റെ കൊറ്റാര്‍കാവ് ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് അന്‍പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും ശുചിമുറി മാലിന്യങ്ങള്വരേ തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിട്ടുപോലും നഗരസഭ വിഷയത്തില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല.
അച്ചന്‍കോവിലാറ്റിലെ കോട്ടത്തോടിന്റെ പതനമുഖത്തിന് സമീപമാണ് മാവേലിക്കര ജലസംഭരണിയുടെ ഇന്‍ലറ്റ് വാല്‍വ് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. മുപ്പതുവര്‍ഷമായി കോട്ടത്തോട്ടിലെ മാലിന്യ പ്രശനം പരിഹരിക്കാനായി ജനങ്ങള്‍ മുറവിളികൂട്ടുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.
മാലിന്യകേന്ദ്രങ്ങളായി തീരദേശ ജലാശയങ്ങൾ
തുറവൂർ: തീരദേശത്തെ ജലാശയങ്ങൾ മാലിന്യങ്ങൾ കൊണ്ട് നിറയുന്നു. ഗ്രാമപ്രദേശങ്ങളിലെ തോടുകളും മറ്റ് ജലാശയങ്ങളുമാണ് മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്. പൊതുതോടുകളും സ്വകാര്യതോടുകളും ഏറെക്കുറെ മാലിന്യങ്ങൾ നിറഞ്ഞ് മൂടപ്പെട്ട അവസ്ഥയാണ്.
വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നുമുള്ള ഖര, ദ്രാവക മാലിന്യങ്ങൾ വൻതോതിൽ തോടുകളിലും മറ്റും തള്ളിയിരിക്കുന്നതുമൂലം ഗ്രാമപ്രദേശങ്ങളിലെ സന്തുലിതാവസ്ഥ തകരുന്നു. മാലിന്യകേന്ദ്രങ്ങളായി തോടുകളും ജലാശയങ്ങളും മാറിയിരിക്കുകയാണ്. ഇതുമൂലം വൻ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ചേർത്തല താലൂക്കിലെ വടക്കൻ മേഖലകളിൽ ഒട്ടുമിക്ക പൊതു തോടുകളും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. വീടുകളിലെയും മറ്റും മാലിന്യങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിൽ ആക്കി പൊതുതോടുകളിൽ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളിൽ ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിക്കു ന്നുണ്ടെങ്കിലും ഒട്ടുമിക്ക വീടുകളിലെ മാലിന്യങ്ങളും മുഴുവൻ തള്ളുന്നത് പൊതു തോടുകളിലാണ്. ഇതുമൂലം ഈ തോടുകളിൽ ഉണ്ടായിരുന്ന മത്സ്യസമ്പത്ത് പൂർണമായും നശിച്ച്, ചെറുമത്സ്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ്.
വയലാർ, കടക്കരപ്പള്ളി, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള പൊതു തോടുകളാണ് കൂടുതലും നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
അടിയന്തരമായി പൊതുതോടുകളിൽനിന്ന് മാലിന്യം നീക്കം ചെയ്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോടിന്റെ ഒഴുക്ക് സുഗമമാക്കാനു ള്ള നടപടികൾ സർക്കാരിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
കരിപ്പുഴത്തോടിന് ശാപമോക്ഷമായില്ല
കായംകുളം: കരിപ്പുഴത്തോടിന് ഇനിയും ശാപമോക്ഷമായില്ല. കായംകുളം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴത്തോട് ഇപ്പോഴും ശാപമോക്ഷം തേടുകയാണ്. വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളില്നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിപ്പുഴത്തോട്ടിലൂടെയാണ് കായംകുളം കായലിൽ സംഗമിക്കുന്നത്.
നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് കരിപ്പുഴത്തോട്. ഹോട്ടല്‍ മാലിന്യങ്ങളും ഓടകള്‍ വഴിയെത്തുന്ന മാലിന്യങ്ങളും കോഴിവേസ്റ്റും കൊണ്ട് നിറഞ്ഞു കിടക്കുന്ന തോട് നാട്ടുകാര്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തോട്ടിലെ വെള്ളത്തിനു പോലും കറുപ്പ് നിറമാണ്. വർഷങ്ങൾക്കു മുമ്പ് തോട് നവീകരിക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
തോട്ടിലെ ചെളി നീക്കം ചെയ്ത് സംരക്ഷണഭിത്തി കെട്ടാനായിരുന്നു തുക അനുവദിച്ചത്. എന്നാല്‍, നാമമാത്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നടന്നുള്ളൂ. നഗരസഭയുടെ ഡമ്പിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നതിനേക്കാള്‍ മാലിന്യം ഓരോ ദിവസവും കരിപ്പുഴ തോട്ടിലേക്കെത്തുന്നു. കനീസാ കടവ് പാലം, കാര്യാത്ത് പാലം എന്നിവയുടെ വശങ്ങളില് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യം കുന്നുകൂടുകയാണ്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങള്‍ അഴുകി ദുര്‍ഗന്ധം പരത്തുന്നതു കാരണം മൂക്കുപൊത്താതെ തോടിന്റെ വശങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയില്ല.
പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍ നിന്നും എത്തുന്ന മാലിന്യത്തിന് പുറമെ ദൂരെ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ മാലിന്യം ചാക്കില്‍ നിറച്ച് തോട്ടിലേക്ക് എറിയുകയാണ്. രാത്രികാലങ്ങളില്‍ പാലങ്ങള്‍ക്ക് മുകളില്‍ നിന്നാണ് ഈ മാലിന്യനിക്ഷേപം. ജലമലിനീകരണം ക്രിമിനല്‍ കുറ്റമായിരിക്കെ തോട് മലിനപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.