ചങ്ങരംകുളം: പൊന്നാനിയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പൊന്നാനി ബിനാലെയിലൂടെ അവതരിപ്പിക്കുമെന്ന് കെ.പി. നൗഷാദലി എംഎല്‍എ. ചങ്ങരംകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങരംകുളം ഉള്‍പ്പെടെ പൊന്നാനി മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ബിനാലെയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി, ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി സോഹ്രാന്‍ മംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാന് എന്നിവരടക്കമുള്ള പ്രമുഖരെ ബിനാലെയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം പൊന്നാനി ബിനാലെ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്.കടലോര ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കടല്‍ഭിത്തി നിര്‍മാണത്തിന് മുന്‍ഗണന നല്‍കും.
കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാനപാതയില്‍ ചങ്ങരംകുളം മുതല്‍ ജില്ലാ അതിര്‍ത്തി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും നവീകരിച്ച് സൗന്ദര്യവത്കരിക്കും. ജനങ്ങളുമായി കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനായി ചങ്ങരംകുളത്ത് ഓഫീസ് ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ചങ്ങരംകുളം ടൗണിലെ സൗന്ദര്യവത്കരണ പ്രവൃത്തി, കോള്‍ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊന്നാനി മണ്ഡലത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലും എംഎല്‍എ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.പ്രസ് ക്ലബ് പ്രസിഡന്റ് റാഷിദ് നെച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാസ് കോക്കൂര്‍, സുധീര്‍ പള്ളിക്കര, റസാഖ് അരിക്കാട്, വി.പി. അബ്ദുല്‍ ഖാദര്‍, പ്രസന്നന് കല്ലൂര്‍മ, ഷാഫി ചങ്ങരംകുളം, മോഹന്‍ദാസ് മൂക്കുതല, റഷീദ് കെ. മൊയ്ദു, റാഫി തങ്ങള്‍, ജീന മണികണ്ഠന്, ഗിരീഷ് ലാല്‍, ആഷിക്ക് നന്നംമുക്ക്, റഹീദ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham LocalNews