കൊല്ലം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര പ്രഖ്യാപിച്ചതോടെ പ്രിയദർശിനി യാത്ര ഒരുക്കാൻ കെഎസ്ആർടിസി. ജില്ലയിൽ 374 ഓർഡിനറി ബസുകളിൽ കെഎസ്ആർടിസി ബസിൽ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നടക്കും.
ഒന്പത് ഡിപ്പോകളിലായി ഒരു ദിവസം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളുടെ എണ്ണം 561ആണ്. ഓർഡിനറിക്കു പുറമെ ഫാസ്റ്റ് പാസഞ്ചർ 150, സൂപ്പർ ഫാസ്റ്റ് 33 ബസും ദിവസം ഓപ്പറേറ്റ് ചെയ്യുന്നു. സൗജന്യ യാത്രയിലൂടെ ജില്ലയിൽ കെഎസ്ആർടിസിക്ക് ദിവസ വരുമാനത്തിൽ ശരാശരി 43.5 ലക്ഷം രൂപയുടെ കുറവുണ്ടാവും. ഈ തുക സർക്കാർ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽനിന്നുള്ള ആകെ ദിവസവരുമാനം ശരാശരി 88.8ലക്ഷം രൂപയാണ്. ആര്യങ്കാവ് ഡിപ്പോയിൽ 11 ഓർഡിനറി ബസും പുനലൂർ 34, പത്തനാപുരം 51, ചടയമംഗലം 36, കൊട്ടാരക്കര 81, ചാത്തന്നുർ 37, കൊല്ലം 44, കരുനാഗപ്പള്ളി 54, കുളത്തൂപ്പുഴ ഡിപ്പോയിൽ 26 ഓർഡിനറി ബസും ഒരുദിവസം ഓപ്പറേറ്റ് ചെയ്യുന്നു.
ഇതിൽ ഓർഡിനറി ബസ് ഓപ്പറേറ്റ് ചെയ്ത് ഏറ്റവും കൂടുതൽ വരുമാനമുള്ളത് കൊട്ടാരക്കര ഡിപ്പോയ്ക്കാണ്, ശരാശരി 9.5–10.5 ലക്ഷം രൂപ. ജില്ലയിൽ കഴിഞ്ഞ ദിവസം ഓർഡിനറി സർവീസ് നടത്തി ആര്യങ്കാവ് ഡിപ്പോയിൽ 1.30 ലക്ഷം രൂപയുടെയും പുനലൂർ മൂന്നുലക്ഷം, പത്തനാപുരം 4.5 ലക്ഷം, ചടയമംഗലം 4.7 ലക്ഷം, കൊട്ടാരക്കര 10 ലക്ഷം, ചാത്തന്നൂർ 4.5ലക്ഷം, കൊല്ലം 4.87ലക്ഷം, കരുനാഗപ്പള്ളി 5.5ലക്ഷം, കുളത്തൂപ്പുഴ ഡിപ്പോയിൽ 3.87 ലക്ഷം രൂപയുടെയും കളക്ഷന് നേടി.
ജില്ലയിൽ ഏറ്റവും കൂടുതൽ ഓർഡിനറി ബസ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത് കൊട്ടാരക്കര ഡിപ്പോയിലാണ്, 81 എണ്ണം.അതു കഴിഞ്ഞാൽ കരുനാഗപ്പള്ളി ഡിപ്പോയിലും, 54 എണ്ണം. തിങ്കളാഴ്ച മുതലാണ് സ്ത്രീകൾക്ക് സൗജന്യയാത്ര.
Tags : nattu vishesham