സുൽത്താൻ ബത്തേരി: ബത്തേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ നൂൽപ്പുഴയിൽ അനധികൃത ചാരായവാറ്റ് കേന്ദ്രം കണ്ടെത്തി.
നൂൽപ്പുഴ പാലത്തിന് സമീപം പുഴയോരത്തെ ഈറ്റക്കാടിനിടയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ നിലയിലായിരുന്ന വാഷും അനുബന്ധ ഉപകരണങ്ങളുമാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി. വിജയകുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. അനീഷ്, എം.കെ. സുരേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ. ധ്വന്യന്ത്, എ. അനിൽ, സിവിൽ എക്സൈസ് ഓഫീസർ എൻ.എം. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.