അടിമാലി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ ജില്ലയിലെ സ്വകാര്യബസുടമകൾ ആശങ്കയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. നിലവിൽ സ്വകാര്യബസുകളിലെ 60 ശതമാനം യാത്രക്കാരും സ്ത്രീകളാണ്. ഇവരിൽ ഏറിയപേരും സ്വകാര്യബസുകളിൽനിന്നു സർക്കാർ ബസുകളിലേക്ക് മാറും. അന്യസംസ്ഥാന തൊഴിലാളികൾവരെ ഇപ്പോൾ പ്രിയദർശിനി സൗജന്യയാത്ര കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുകയാണ്.
അടിമാലി മേഖലയിൽ മാത്രം 26 കെഎസ്ആർടിസി ഓർഡിനറി ബസുകളാണ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. സൗജന്യയാത്രയുടെ പേരിൽ സ്ത്രീകൾ സർക്കാർ ബസിൽ കയറുമ്പോൾ അവരോടൊപ്പമുള്ള പുരുഷന്മാരും സർക്കാർ ബസിൽ കയറും. വനിതകൾക്ക് നൽകുന്ന സൗജന്യം സ്വകാര്യബസ് സർവീസിനെ പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യബസുടമകൾ.