പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: അപ്രതീക്ഷിത ചൂടും വരൾച്ചയും ക്ഷീരകർഷകരെയും പ്രതിസന്ധിയിലാഴ്ത്തി. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പശുക്കളില്‍ പാല് ഉത്പാദനം കുത്തനെ കുറഞ്ഞതാണ് ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. വേനൽച്ചൂട് ക്രമാതീതമായി ഉയരുന്നത് ക്ഷീരഫാമുകളുടെ പ്രവര്‍ത്തങ്ങളെയും സാരമായി ബാധിച്ചുതുടങ്ങി.
താപനില വർധിക്കുന്നതു മൂലമാണ് പാലുത്പാദനം കുറയാന്‍ കാരണമെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. തീറ്റയെടുക്കുന്നതിലും വെള്ളം കുടിക്കുന്നതിലും ഉണ്ടാകുന്ന വ്യതിയാനം കാരണം ദിവസം ഒന്നു മുതല്‍ നാലു ലിറ്റര്‍ വരെ പാല് കുറയുന്നതായി കര്‍ഷകര്‍ പറയുന്നു.
വേനലില്‍ പച്ചപ്പുല്ല് ഉണങ്ങി നശിക്കാന്‍ തുടങ്ങിയതോടെ തീറ്റ ലഭ്യതയും കുറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള വൈക്കോലിന്റെ ( കച്ചി ) വരവും കുറഞ്ഞു. വൈക്കോല്‍ ഒരു കെട്ടിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. 350 മുതല്‍ 400 രൂപ വരെയാണ് ഒരു കെട്ട് കച്ചിക്ക് ഇപ്പോഴത്തെ വില.
കാലീത്തീറ്റയുടെ വിലയിലും വന്‍ വർധനയാണ് ഉണ്ടായിരിക്കുന്നത്. 50 കിലോ തൂക്കം വരുന്ന ഒരു ചാക്കിന് ഇപ്പോഴത്തെ വില 1650 രൂപയാണ്. 60 കിലോ പരുത്തിപ്പിണ്ണാക്കിന്റെ വില 3000 രൂപയായി ഉയര്‍ന്നു. എള്ളിൻപിണ്ണിക്കിന് 50 കിലോയുടെ ചാക്കിന് ഇപ്പോഴത്തെ വില 2560 രൂപയാണ്. കാലിത്തീറ്റയുടെ വില കൂടിയത് കര്‍ഷകരുടെ ലാഭത്തെയാണ് ബാധിക്കുന്നത്.
96,000 രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ വിലയുള്ള എച്ച്എഫ് പശുക്കള്‍ക്ക് എപ്പോഴും തണുപ്പാണ് വേണ്ടത്. ഇതുകൊണ്ടുതന്നെ തൊഴുത്തുകളിലും മറ്റും ഫാനുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍, വൈദ്യുതി നിരക്കിലുണ്ടായ വർധന കാരണം അധിക ഭാരമാണുണ്ടാകുന്നതെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു.
ചൂടുകാരണം പശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങളും അവയുടെ സംരക്ഷണച്ചെലവും അധികമായി വന്നിരിക്കുകയാണ്. വെറ്ററിനറി മരുന്നുകളുടെ വിലയും ക്രമാതീതമായി വർധിച്ചു.
ക്ഷീരസംഘങ്ങളില്‍ പാല് നല്കിയാല് കൊഴുപ്പിന്റെ അടിസ്ഥാനത്തിലുള്ള വില മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, സബ്സിഡി ഇനത്തില്‍ കാലിത്തീറ്റയും മറ്റും ലഭിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ കുറച്ചു പാലെങ്കിലും സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
പുറത്ത് പാല് വില്‍ക്കുന്നത് ഒരു ലിറ്ററിന് 70 രൂപ നിരക്കിലാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിലയ്ക്ക് പാല് വിറ്റാലും ലാഭം ലഭിക്കില്ലെന്നു കർഷകർ പറയുന്നു. വേനല്‍ക്കാലത്ത് ക്ഷീരമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേകം പാക്കേജുകളും കാലിത്തീറ്റയ്ക്കും മറ്റും സബ്സിഡിയും അനുവദിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Tags : District News Nattuvishesham Production drops dairy farmers crisis