തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരം.
തൊടുപുഴ: ആരോഗ്യ മന്ത്രി കെ. മുരളീധരന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ചികിത്സാ നിഷേധമെന്ന പരാതിയും പ്രതിഷേധവും. അത്യാഹിത വിഭാഗത്തില്‍ നൂറുകണക്കിന് രോഗികളാണ് ഇന്നലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഈ സമയം ഇത്രയേറെ രോഗികളെ ചികിത്സിക്കാന്‍ ആകെയുണ്ടായിരുന്നത് രണ്ട് ഡോക്ടര്‍മാര്‍ മാത്രമായിരുന്നു. ഇതിനിടെ പനി ബാധിച്ചെത്തിയ കുഞ്ഞിനെ ചികിത്സിക്കാന്‍ ആകെയുള്ള ഡോക്ടര്‍മാര്‍ പോയതോടെ രാവിലെ മുതല്‍ കാത്തുനിന്ന ഒട്ടേറെ രോഗികള്‍ വലഞ്ഞു. പേവിഷ ബാധയ്ക്കെതിരേ വാക്സിന് എടുക്കാനെത്തിയ കുട്ടിക്ക് ഇന്ജക്ഷന് വൈകിയതോടെ പ്രതിഷേധം അതിശക്തമായി.
ഇതോടെ ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണത്തിനായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തൊടുപുഴയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്.
ഇതിനിടെ പനി ബാധിച്ച കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഉടന്‍തന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളജിലേക്കു പോയി. ഇതിന് പിന്നാലെ മന്ത്രി ഇവിടത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനിറങ്ങി. ഈ സമയം ആശുപത്രിയുടെ ശോച്യാവസ്ഥയെ സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും അതെല്ലാം ആശുപത്രി സൂപ്രണ്ടിനോട് അന്വേഷിക്കാന്‍ പറഞ്ഞ് മന്ത്രി മടങ്ങുകയായിരുന്നു.
ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മണിക്കൂറുകളോളം ഡിഎംഒ, ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി അധികൃതരെ ഓഫീസിനുള്ളില്‍ തടഞ്ഞുവച്ചു. പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്.
ജില്ലാ ആശുപത്രിയില്‍ എട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ വേണമെന്നിരിക്കെ നിലവില്‍ മൂന്നു പേര് മാത്രമാണുള്ളത്. നാല് തസ്തികകള്‍ ഉണ്ടെങ്കിലും ഒന്ന് ഒരു വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഡോക്ടര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍തന്നെ അത്യാഹിത വിഭാഗത്തില്‍ സേവനം നടത്തേണ്ടിവരുന്ന സ്ഥിതിയുമുണ്ട്.
ഡോക്ടര്‍മാരുടെ കുറവ് ആശുത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഐപ് ജോസഫ് പറഞ്ഞു. പേവിഷ കുത്തിവയ്പ് എടുക്കാന്‍ വന്ന കുട്ടിക്ക് കുത്തിവയ്പ് നല്കാന് വൈകിയെന്നും ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തതാണ് ഇതിനു കാരണമെന്നും അധികൃതര്‍ അറിയിച്ചു.