ശുചീകരണം ജില്ലാ പോലീസ് മേധാവി പി. നിധിന് രാജ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ഇരിയ: സംസ്ഥാന പാതയിലെ അപകടമേഖലയായി മാറിയ ഏഴാംമൈൽ മുതൽ ഗുരുപുരം വരെയുള്ള ഭാഗത്ത് ജനകീയ പങ്കാളിത്തത്തോടെ റോഡിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. കോടോം-ബേളൂർ പഞ്ചായത്തിന്റെയും അമ്പലത്തറ പോലീസിന്റെയും സഹകരണത്തോടെ നടത്തിയ ശുചീകരണം ജില്ലാ പോലീസ് മേധാവി പി. നിധിന് രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്, വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, പി.സി. സന്ധ്യ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, അമ്പലത്തറ സിഐ ഷാജു എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം ഹരിത കര്‍മസേന- കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സനാതന കോളജിലെ എന്‍എസ്എസ് വോളന്റിയർമാരും ശുചീകരണത്തിൽ പങ്കാളികളായി.
വളവുകളിൽ കാടുമൂടിക്കിടക്കുന്നതുമൂലം അപകടമേഖലയായി മാറിയ ഈ ഭാഗത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വാഹനാപകടങ്ങളിൽ എട്ടുപേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്.
ഏഴാംമൈൽ മുതൽ ഗുരുപുരം വരെ റോഡിനിരുവശവും ഇന്റർലോക്ക് ചെയ്ത് നടപ്പാത ഒരുക്കുക, അപകടമേഖലകളിൽ സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും റിഫ്ലക്ടറുകളും സ്പീഡ് ബ്രേക്കറുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Tags : Local News Nattuvishesham Public cleaning state highway