പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂരിന്റെ സ്വകാര്യ അഹങ്കാരമായ പുലിക്കളി മഹോത്സവത്തിന് കൊടിയേറി. 29ന് നാലാംഓണനാളിൽ നഗരത്തെ പ്രകന്പനം കൊള്ളിച്ച് മടകളിൽനിന്നു പുലിക്കൂട്ടം സ്വരാജ് റൗണ്ടിലേക്ക് കുതിച്ചിറങ്ങും. നടുവിലാൽ ഗണപതി ക്ഷേത്രത്തിനുസമീപം മേയർ ഡോ. നിജി ജസ്റ്റിൻ പുലിക്കളിക്ക് കൊടിയുയർത്തി.
ഈ വർഷം ഒന്‍പത് പുലിക്കളി സംഘങ്ങളാണ് മത്സരത്തിൽ പങ്കാളികളാകുന്നത്. സംഘങ്ങൾക്കുള്ള സാന്പത്തിക സഹായം മൂന്നരലക്ഷമായി വർധിപ്പിച്ചതിൽ ഓരോ സംഘത്തിനും ഇതിന്റെ ആദ്യ ഗഡുവായ 1.75 ലക്ഷം രൂപ വീതം വിതരണം ചെയ്തു.
ഇത്തവണത്തെ പുലിക്കളി ഗിന്നസ് ബുക്ക് അധികാരികളെ ഔദ്യോഗികമായി അറിയിച്ച് ലോക റിക്കാർഡ് നേടാനുള്ള പരിശ്രമങ്ങൾ കോർപറേഷൻ ആരംഭിച്ചിട്ടുണ്ടെന്ന് മേയർ അറിയിച്ചു. സഹായധനം വർധിപ്പിക്കാനുള്ള ചർച്ചകൾ മന്ത്രിമാരുമായി നടത്തുമെന്ന് രാജൻ. ജെ. പല്ലൻ എംഎൽഎ പറഞ്ഞു.
ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷത വഹിച്ചു. പുലിക്കളി സംഘാടകസമിതി ജനറൽ കണ്‍വീനർ ടി.ആർ. സന്തോഷ്, കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ, കൗണ്‍സിലർ പൂർണിമ സുരേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Pulikali NattuVishasham DistrictNews