പ്രതീകാത്മക ചിത്രം
പെരിയ: ജലനിധി പദ്ധതിയുടെ പമ്പ് സെറ്റ് കത്തിനശിച്ചതിനെത്തുടര്‍ന്ന് പുല്ലൂര്‍-പെരിയയിലെ കുടിവെള്ള വിതരണം മുടങ്ങി. ബുധനാഴ്ചയാണ് താന്നിയടി പുഴയില്‍ നിന്നു വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന 40 എച്ച്പിയുടെ പമ്പ് സെറ്റ് കത്തിനശിച്ചത്.ഗുണഭോക്തൃകമ്മിറ്റിയുടെ കൈവശം ഫണ്ടില്ലാത്തതിനാലും ഫണ്ട് അനുവദിക്കാന്‍ പഞ്ചായത്തിന് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാന്‍ ഏറെ വൈകുമെന്നാണ് സൂചന.
പമ്പ് സെറ്റുകള്‍ അടിക്കടി കേടാകുന്നതും റോഡ് നിര്‍മാണം മൂലം പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നതും വരുത്തിവെയ്ക്കുന്ന കനത്ത സാമ്പത്തികബാധ്യത ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഈ കുടിവെള്ളപദ്ധതികളിലൊന്നായ ഈ പദ്ധതിയെ മരണാസന്നമായ നിലയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഗുണഭോക്തൃ കമ്മിറ്റിയാണ് അറ്റകുറ്റപ്പണിക്കും പദ്ധതിയുടെ നടത്തിപ്പിനും വേണ്ട പണം കണ്ടെത്തേണ്ടത്. ഗുണഭോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായതോടെ ഗുണഭോക്തൃ കമ്മിറ്റിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
പമ്പ് സെറ്റ് നന്നാക്കാന്‍ കോയമ്പത്തൂരില്‍ കൊണ്ടുപോകണം. കഴിഞ്ഞവര്‍ഷം ഇതേ പമ്പ് സെറ്റ് കേടായപ്പോള്‍ നന്നാക്കിക്കൊണ്ടുവന്നതിന് 99,500 രൂപയാണ് ചെലവായത്. ഫണ്ടില്ലാത്തതിനാല്‍ കമ്മിറ്റി പ്രസിഡന്റ് കെ.സി.ജോസഫ് വായ്പയെടുത്ത പണമാണ് ഇതിനായി ചെലവാക്കിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇതിനു പിറകെ അലഞ്ഞിട്ടും ജോസഫിന് താന്‍ ചെലവാക്കിയ പണം അനുവദിച്ചുകിട്ടിയില്ല. ഒരു മാസം മുമ്പ് വൈദ്യുതി തൂണ് ഒടിഞ്ഞുവീണപ്പോഴും താന്നിയടി വളവിലെ 20 എച്ച്പിയുടെ പമ്പ്സെറ്റ് കത്തിനിശിച്ചു. 40,000ത്തോളം രൂപ ഇതു നന്നാക്കാന്‍ ചെലവായി.
1100 കണക്ഷനുകള്‍ ഈ പദ്ധതിക്കുണ്ടായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചപ്പോള്‍ പൈപ്പുകള്‍ വ്യാപകമായി പൊട്ടിയതോടെ 150 പേര് കണക്ഷന് ഒഴിവാക്കി. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ പദ്ധതിയുടെ പ്രവൃത്തിയിലും ജലനിധിയുടെ പൈപ്പുകള്‍ വ്യാപകമായി പൊട്ടി. പൊട്ടിയ പൈപ്പുകള്‍ അവര്‍ ഒട്ടിച്ചുനല്കുമെങ്കിലും മണ്ണും കല്ലും പൈപ്പുകളില്‍ അടിഞ്ഞുകൂടി പലര്‍ക്കും വെള്ളം കിട്ടാതായി. ഇപ്പോള്‍ 850 വീടുകള്‍ മാത്രമാണ് ഗുണഭോക്താക്കളായിട്ടുള്ളത്.
വര്‍ക്ക് ലോഡ് കൂടിയതും പമ്പ് സെറ്റ് തകരാറിലാകാന്‍ കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു. എല്ലാദിവസവും 18 മണിക്കൂറാണ് പുഴയോരത്തെ പമ്പ് സെറ്റ് പ്രവര്‍ക്കുന്നത്.മുമ്പ് ഒരു സ്പെയര്‍ പമ്പ് സെറ്റ് ഉണ്ടായിരുന്നതാണ്. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് കനത്ത മഴയില്‍ പമ്പ് ഹൗസ് തകര്‍ന്നുവീണ് ഈ പമ്പ് സെറ്റ് കാണാതായതോടെ ഒരേയൊരു പമ്പ് സെറ്റില്‍ ഇത്രയും വലിയ കുടിവെള്ളപദ്ധതി പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണുള്ളത്.
Tags :