വാടക വീട്ടിൽ താമസിക്കുന്ന ശിവനേശനും കുടുംബവും.
അമ്പലപ്പുഴ: ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി തോട്ടപ്പള്ളി മണ്ണുംപുറത്ത് കഴിഞ്ഞ സർക്കാർ നിർമാണം പൂർത്തിയാക്കിയ പുനർഗേഹം സഫലം ഭവന സമുച്ചയം ഫ്ലാറ്റ് കാഴ്ചവസ്തുവാകുന്നു. അഞ്ചു മാസം മുൻപ് ഉദ്ഘാടനം നടന്നെങ്കിലും ഒരു കുടുംബത്തിനുപോലും ഇവിടെ താമസിക്കാൻ താക്കോൽ കൈമാറിയിട്ടില്ല. ഇതോടെ പല കുടുംബങ്ങൾക്കും അഭയം വാടക വീടുകളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയെങ്കിലും ദിവസങ്ങൾക്കു മുൻപാണ് ഫ്ലാറ്റിൽ വൈദ്യുതി ലഭിച്ചത്. എങ്കിലും വീടിന്റെ താക്കോൽ ഒരു കുടുംബത്തിനും കൈമാറിയിട്ടില്ല. ഇതാണ് ഫ്ലാറ്റിൽ മുറി ലഭിച്ചവർക്കു കയറിത്താമസിക്കാൻ തടസമായിരിക്കുന്നത്. റവന്യു വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് നിർമിച്ചത്. കേരള തീരദേശ വികസനകോര്പറേഷനായിരുന്നു ഫ്ലാറ്റുകളുടെ നിർമാണച്ചുമതല.
കടലാക്രമണ സമയത്തും വേലിയേറ്റ സമയത്തും കടൽവെള്ളം കയറി ദുരിതമനുഭവിക്കുന്നവരെയും സ്വന്തമായി കിടപ്പാടമില്ലാതെ വലയുന്ന മത്സ്യത്തൊഴിലാളി കുടുബങ്ങളെയും നല്ല രീതിയിൽ പാർപ്പിക്കാനാണ് ഫ്ലാറ്റ് സമുച്ചയം ഒരുക്കിയത്. അമ്പലപ്പുഴയിലെ ഭൂരഹിതരും കിടപ്പാടമില്ലാത്തവരുമായ 204 കുടുബങ്ങൾക്കുള്ള ഭവനമാണ് ഇവിടെ വിഭാനം ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്ലാറ്റ് സമുച്ചയം ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്. 84 കുടുബങ്ങൾക്കാണ് ഫ്ലാറ്റുകളിൽ മുറി നൽകാൻ തീരുമാനമായത്. എന്നാൽ ഇതിൽ 76 ഫ്ലാറ്റുകളിൽ മാത്രമാണ് വൈദ്യുതി ലഭിച്ചത്. വൈദ്യുതി ലഭ്യമാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവർക്കും ഇവിടെ താമസിക്കാൻ ആഗ്രഹിക്കാത്തവർക്കുമാണ് വൈദ്യുതി ലഭ്യമാക്കാൻ സാധിക്കാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ സ്വന്തം ഭവനങ്ങളിലേക്ക് താമസം മാറാൻ ആഗ്രഹിച്ചെത്തിയ പലരും വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ നിരാശയോടെ മടങ്ങുകയായിരുന്നു. ഇപ്പോൾ വൈദ്യുതിയെത്തിയിട്ടും കുടുംബങ്ങൾക്ക് കയറിക്കിടക്കാൻ താക്കോൽ കൈമാറിയിട്ടില്ല. ഫ്ലാറ്റ് കിട്ടിയതിനാൽ വാടകയ്ക്ക് താമസിച്ചിരുന്ന പലരും വീട് ഒഴിഞ്ഞതോടെ പെരുവഴിയിൽ അഭയം തേടേണ്ടിവരുമെന്ന ആശങ്കയിലാണ്. വീട് ഒഴിഞ്ഞെങ്കിലും വീട്ടുടമകളുമായുള്ള ധാരണയിൽ താത്കാലികമായി താമസിച്ചുവരികയാണ് പല കുടുംബങ്ങളും. സർക്കാർ കോടികൾ ചെലവഴിച്ച് നിർമിച്ച ഫ്ലാറ്റാണ് ഇപ്പോൾ കാഴ്ചവസ്തുവായി മാറിയിരിക്കുന്നത്.
Tags : Local News Nattuvishesham Punargeham Housing Complex Landmark