പ്രതീകാത്മക ചിത്രം
കറുകച്ചാൽ: കങ്ങഴ മേഖലയിൽ ജനങ്ങളെ വലച്ച് പെരുമ്പാമ്പുകൾ ഇഴയുന്നു. കങ്ങഴ ഇടയിരിക്കപ്പുഴ, പ്ലാക്കൽപടി, പത്തനാട്-മൂലേപ്പീടിക, മൂക്കൻപാറ, തുടങ്ങിയ സ്ഥലങ്ങളിലാണ് പെരുമ്പാമ്പുകളെ നാട്ടുകാർ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ മൂക്കൻപാറയ്ക്ക് സമീപം ബൈക്ക് യാത്രികർ ഇഴഞ്ഞു പോകുന്ന നിലയിൽ റോഡിൽ പെരുമ്പാമ്പിനെ കണ്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥികളും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടു. പത്തടിയിലേറെ വലിപ്പമുള്ള പാമ്പിനെയാണ് കണ്ടതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ മാസം മണിമല റോഡിൽ പ്ലാക്കൽപടിയിലും പെരുമ്പാമ്പ് എത്തിയിരുന്നു. സമീപത്തെ പുരയിടത്തിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. പിറ്റേന്ന് രാത്രിയിൽ മണിമല റോഡിലൂടെ ഇഴഞ്ഞു വന്ന പെരുമ്പാമ്പ് സമീപത്തെ റേഷൻകട കെട്ടിടത്തിന് സമീപത്തെ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്തേക്ക് ഇഴഞ്ഞുമറഞ്ഞു.
പത്തനാട്-മൂലേപ്പീടിക റോഡിലും രണ്ടാഴ്ച മുൻപ് പെരുമ്പാമ്പിനെ കണ്ടിരുന്നു. കൊന്നയ്ക്കൽ ഭാഗത്ത് റോഡിലും ബൈക്ക് യാത്രികർ പെരുമ്പാമ്പിനെ കണ്ടിരുന്നു. ഈ പ്രദേശങ്ങളിലെ തോട്ടങ്ങളിലും പുരയിടങ്ങളിലും പാഴ്ച്ചെടികൾ കയറിയതോടെയാണ് പെരുമ്പാമ്പുകൾ പെരുകിയതെന്ന് നാട്ടുകാർ പറയുന്നു.
Tags : Python NattuVishasham DistrictNews