ആലപ്പുഴ: വിത്തു കിട്ടാതെ ഒരുമാസം വിത താമസിച്ച കുട്ടനാടന്‍ പാടങ്ങളില്‍ വിത പകുതിയായിട്ടും നിലമൊരുക്കാനുള്ള നീറ്റുകക്ക എത്തിയില്ല. നീറ്റുകക്ക ചേര്‍ക്കാതെ പുളിയുള്ള നിലത്ത് വിതച്ചാല്‍ നെൽവിത്ത് കിളിർക്കാതെ ഉരുകിപ്പോകുമെന്നും കിളിർക്കുന്ന ഞാറുകള്‍ക്ക് വളം വലിച്ചെടുക്കാനുള്ള ശേഷി കുറയുമെന്നും അതിനാല്‍ തന്നെ വിളവു കുറയുമെന്നും കര്‍ഷകര്‍ പറയുന്നു.
മഴയത്തു നടക്കുന്ന രണ്ടാം കൃഷിയില്‍ മണ്ണില്‍ പുളിപ്പ് കൂടുതലായിരിക്കും. ഇതിനെ നിയന്ത്രിച്ച് മണ്ണിന്റെ പിഎച്ച് കൃത്യമാക്കുന്ന ജോലിയാണ് നീറ്റുകക്ക ചെയ്യുന്നത്.
നിലമുഴുമ്പോള്തന്നെ ഇതു ചേര്‍ക്കേണ്ടതാണ്. എന്നാല്‍ വിതച്ചതിനു ശേഷമെത്തിയാലും വിതറാറുണ്ട്. എന്നാല്‍ കതിരുകള്‍ പൊങ്ങിയാല്‍ പിന്നെ നീറ്റുകക്ക ചേര്‍ക്കല്‍ ദുഷ്കരമാകും.
കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരം ഒരേക്കറിന് 250 കിലോ നീറ്റുകക്കയാണ് വേണ്ടത്. എന്നാല്‍, 25 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ 100 കിലോ കക്കയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത്തവണ കര്‍ഷകര്‍ക്ക് കക്ക നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും എല്ലാ വര്‍ഷവും ഇതുമൂലമാണ് കക്കാവിതരണം തടസപ്പെടുന്നതെന്നുമാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്.
കൃഷിമന്ത്രി നേരിട്ടിടപെട്ടാലേ എന്തെങ്കിലും തീരുമാനമുണ്ടാകൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്തതിനാല്‍ പലസ്ഥലങ്ങളിലും ലഭിച്ചത് 11.5 കിലോ കക്കയാണ്. 9300 ഹെക്ടര്‍ സ്ഥലത്താണ് കുട്ടനാട്ടില്‍ രണ്ടാം കൃഷി നടക്കുന്നത്. 150 ലധികം പാടശേഖരങ്ങളിലെ കര്‍ഷകരാണ് കക്കലഭിക്കാത്തതിനാല് പ്രതിസന്ധിയിലായിരിക്കുന്നത്.
ജൂണ്‍ 20 നു തുടങ്ങേണ്ട വിത വിത്ത് ലഭിക്കാത്തതിനാല്‍ ഇത്തവണ ഒരു മാസം വൈകിയാണ് തുടങ്ങിയത്. ജൂണ്‍ 15 കൊടുത്തു തീര്‍ക്കേണ്ട വിത്ത് ജൂണ്‍ 29 നാണ് ഇത്തവണ കൊടുത്തു തീര്‍ത്തത്.
എന്നാല്‍, തോട്ടപ്പള്ളി സ്പില്‍വേ തകര്‍ന്ന് അതുവഴി അടുത്തതായി നടക്കുന്ന പുഞ്ചക്കൃഷിയില്‍ ഉപ്പുജലം എത്തുമെന്ന ഭീതിയുള്ളതിനാല്‍ ചില പാടശേഖരങ്ങള്‍ പുഞ്ചകൃഷി ഉപേക്ഷിക്കുകയാണ്. അതിനാലിവര്‍ രണ്ടാംകൃഷിയുടെ വിത താമസിച്ചാണ് നടത്തുന്നതും. അല്പം താമസിച്ചെങ്കിലും കക്ക ലഭിച്ചാല്‍ ഇത്തരം കര്‍ഷകര്‍ക്കെങ്കിലും അത് പ്രയോജനപ്പെടും.
Tags : Nattuvishesham District News