രാജേന്ദ്രൻപിള്ള
എഴുകോൺ: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ, മുഖ്യമന്ത്രിയുടെ സേവാ മെഡൽ, അഗ്നിരക്ഷാ പുരസ്കാരം... നേട്ടങ്ങളുടെ നെറുകയിലേക്കെത്തിയ രാജേന്ദ്രൻപിള്ളയുടെ ഔദ്യോഗിക ജീവിതത്തിന് കഴിഞ്ഞ ദിവസം വിരാമമായി.
രണ്ടരപ്പതിറ്റാണ്ടിലധികം നീണ്ട അഗ്നിരക്ഷാസേനാ സേവനത്തിൽനിന്നും കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായാണ് പടിയിറക്കം. വിരമിക്കലിനുശേഷം വിശ്രമ ജീവിതത്തിലേക്കല്ല രാജേന്ദ്രൻപിള്ള കടക്കുന്നത്. വർഷങ്ങളായി മുളവൂക്കോണം കുന്നുംവട്ടം പാടശേഖര സമിതിയുടെ സെക്രട്ടറിയായ രാജേന്ദ്രൻപിള്ള ഇനിയെന്നും പാടത്തുണ്ടാകും. കുണ്ടറനിലയത്തിൽ ജോലി ചെയ്തിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ സമഗ്ര പച്ചക്കറിക്കൃഷിക്കുള്ള അവാർഡ് നേടി. കഴിഞ്ഞ വർഷം കരീപ്ര പഞ്ചായത്തിലെ മികച്ച കർഷകനുമായിരുന്നു. ഔദ്യോഗിക ജീവിതത്തിലെന്ന പോലെ കാർഷിക ജീവിതത്തിലും കൂട്ടായി ഭാര്യ സിന്ധുവും മക്കളായ ലക്ഷ്മിരാജും പാർവതിരാജും രാജേന്ദ്രൻപിള്ളയ്ക്ക് ഒപ്പമുണ്ട്.
മികച്ച ട്യൂട്ടോറിയൽ അധ്യാപകനായിരുന്ന കരീപ്ര മുളവൂക്കോണം കുമാരിസദനത്തിൽ കെ. രാജേന്ദ്രൻ പിള്ള 1999 ഡിസംബറിലാണ് അഗ്നിരക്ഷാ സേനയിൽ ജോലിയിൽ പ്രവേശിച്ചത്. ആലപ്പുഴ, കാഞ്ഞങ്ങാട്, കൊല്ലം, കുണ്ടറ, ചാമക്കട, പേരാവൂർ, ചെങ്ങന്നൂർ, വടക്കാഞ്ചേരി എന്നീ നിലങ്ങളിൽ ജോലിചെയ്തു. നിരവധി അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷകനായി. കൊട്ടാരക്കര കരിക്കകം ഭാഗത്തുണ്ടായ ഗ്യാസ് ടാങ്കർ ലോറി അപകടത്തിലും 2018ലെ പ്രളയകാലത്ത് ചെങ്ങന്നൂരിലും നടത്തിയ രക്ഷാപ്രവർത്തനങ്ങൾ അവിസ്മരണീയമാണ്.
മനുഷ്യർക്ക് മാത്രമല്ല മിണ്ടാപ്രാണികൾക്കും രാജേന്ദ്രൻപിള്ളയും കൂട്ടരും രക്ഷകരായി. 2013ൽ മുഖ്യമന്ത്രിയുടെ മെഡലും 2018ൽ രാഷ്ട്രപതിയുടെ മെറിറ്റോറിയസ് മെഡലും 2025ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും 2026ൽ അഗ്നിരക്ഷാ പുരസ്കാരവും രാജേന്ദ്രംപിള്ളയെ തേടിയെത്തി.
Tags : Local News Nattuvishesham Kollam