പ്രതീകാത്മക ചിത്രം
രാമപുരം: രാമപുരം ടൗണിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന രാമപുരം ബസാര്‍ പോസ്റ്റ്ഓഫീസ് കെട്ടിടം ഗുരുതരമായ ജീര്‍ണാവസ്ഥയിലായിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഏകദേശം 46 വര്‍ഷം പഴക്കമുള്ള ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പോസ്റ്റ് ഓഫീസില്‍ വര്‍ഷങ്ങളായി കാര്യമായ അറ്റകുറ്റപ്പണികളോ നവീകരണ പ്രവര്‍ത്തനങ്ങളോ നടത്തിയിട്ടില്ലെന്നാണ് പരാതി.
പോസ്റ്റല്‍ വകുപ്പിന്റെ സ്വന്തം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകളും ചോര്‍ച്ചയും രൂക്ഷമാണ്. ഉപഭോക്താക്കള്‍ സേവനം സ്വീകരിക്കുന്ന കൗണ്ടര്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ പ്ലാസ്റ്ററും കോണ്‍ക്രീറ്റും അടര്‍ന്നുവീഴുന്ന സാഹചര്യമായതിനാല്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയും ഗുരുതരമായ ആശങ്കയിലാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം നിരവധി ആളുകള്‍ വിവിധ തപാല്‍, ബാങ്കിംഗ് സേവനങ്ങള്‍ക്കായി ആശ്രയിക്കുന്ന ഈ പോസ്റ്റ് ഓഫീസ് അപകടാവസ്ഥയിലായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കെട്ടിടത്തിന്റെ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി അറ്റകുറ്റപ്പണികളും സമഗ്ര നവീകരണവും നടത്താന്‍ ബന്ധപ്പെട്ട തപാല്‍ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.