ആത്തിഫെയും ഫാത്തിമയും.
കാൻബെറ: ഇറേനിയൻ ഭരണകൂടത്തെ പരസ്യമായി തള്ളിപ്പറഞ്ഞ അവിടുത്തെ വനിതാ ഫുട്ബോൾ താരങ്ങളായ ആത്തിഫെ (34), ഫാത്തിമെ(22) എന്നിവർക്ക് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങിൽ ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കെ പങ്കെടുത്തു.
ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമാണിതെന്ന് ആത്തിഫെ പറഞ്ഞു. വാക്കുകൾക്കു വിവരിക്കാൻ പറ്റാത്ത നിമിഷങ്ങളാണിതെന്ന് ഫാത്തിമയും പറഞ്ഞു.
മാർച്ച് ആദ്യം ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിനിടെ ഇറേനിയൻ താരങ്ങൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇറേനിയൻ ഭരണകൂടത്തിന്‍റെ സ്ത്രീവിരുദ്ധതയിൽ പ്രതിഷേധിച്ചായിരുന്നിത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയുണ്ടായ സംഭവം ലോകശ്രദ്ധയാകർഷിച്ചു.
നാട്ടിലേക്കു മടങ്ങിയാൽ ഭരണകൂട പീഡനം നേരിട്ടേക്കുമെന്നു ഭയന്ന ഇറേനിയൻ ഫുട്ബോൾ സംഘത്തിന് ഓസ്ട്രേലിയ അഭയം നല്കാമെന്നു വ്യക്തമാക്കി. ഇതിൽ ആത്തിഫെയും ഫാത്തിമെയും മാത്രമാണ് ഓസ്ട്രേലിയൻ വാഗ്ദാനം സ്വീകരിക്കാൻ തയാറായത്. ഓസ്ട്രേലിയയിൽ പ്രഫഷണൽ ഫുട്ബോൾ കരിയർ തുടരാനാണ് ഇരുവരുടെയും തീരുമാനം.
Tags : Iran football Australia iran football team