ലോക്സഭ എംപി ശശി തരൂർ പാർലമെന്റിൽ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ബിൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള അപകടകരമായ നീക്കമാണെന്നും സിവിൽ സൊസൈറ്റിയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഇത് ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. ദി ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് തിരുവനന്തപുരം എംപി നിലപാട് വ്യക്തമാക്കിയത്.
രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശ സംഭാവനകളും അതുവഴി നിർമിച്ച സ്വത്തുക്കളും ഏറ്റെടുക്കാൻ "ഡെസിഗ്നേറ്റഡ് അതോറിറ്റി" രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി. സ്വതന്ത്ര ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
കേരളത്തിലടക്കം നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ ട്രസ്റ്റുകളുടെയും പ്രവർത്തനത്തെ നിയമം തകിടം മറിക്കും. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ആശുപത്രികളും സ്കൂളുകളും സർക്കാർ ഏറ്റെടുക്കുന്ന അവസ്ഥ വരുന്നത് വൻ പ്രതിസന്ധി സൃഷ്ടിക്കും. ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം സഭയിൽ ഒന്നിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
Tags : ShashiTharoor Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash