ക്രൂഗർ നാഷണൽ പാർക്കിൽനിന്നുള്ള ദൃശ്യം.
കാട്ടാനകളെ തുരത്താൻ വലിയ പടയും പടക്കോപ്പുകളൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമം. കരയിലെ ഏറ്റവും വലിയ ജീവിയെ തുരത്തുന്നത് വെരി സിംബിൾ എന്നാണ് അവരുടെ ഭാഷ്യം. തങ്ങളുടെ കൃഷി നശിപ്പിക്കുന്ന, ജീവനു ഭീഷണിയായ കാട്ടാനകളെ തുരത്താൻ വ്യത്യസ്തമായ തന്ത്രമാണ് അവർ പ്രയോഗിച്ചത്. തങ്ങളുടെ ശത്രുവിനെതിരേ അവർ തൊടുത്തത് മാരകായുധങ്ങളൊന്നുമല്ല, വെറും തേനീച്ച!
വന്യമൃഗ സംരക്ഷണത്തിനും ടൂറിസത്തിനും പ്രാധാന്യം നൽകുന്ന ക്രൂഗർ നാഷണൽ പാർക്കിനു (Kruger National Park ) സമീപമുള്ള ഫലൗബെനി ഗ്രാമീണരാണ് കാട്ടാനകളെ തുരത്താൻ വ്യത്യസ്ത മാർഗം തെരഞ്ഞെടുത്തത്. കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ നേരിടാൻ തോക്കിനു പകരം തേനീച്ചക്കൂടുകൾ ഉപയോഗിച്ചുള്ള തന്ത്രപരമായ മാർഗമാണിത്. കൗതുകകരമായ പരീക്ഷണം നൂറു ശതമാനം വിജയം കണ്ടതോടെ, ഫലൗബെനി ലോകമെന്പാടും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഏകദേശം മുപ്പതിനായിരത്തോളം ആനകളാണ് ക്രൂഗർ നാഷണൽ പാർക്കിൽ കഴിയുന്നത്. ഇവയ്ക്ക് ദിവസേന വൻതോതിൽ തീറ്റയും വെള്ളവും ആവശ്യമുണ്ട്. പലപ്പോഴും വേലികളിലെ വിടവുകളിലൂടെ കാടിറങ്ങുന്ന ആനകൾ സമീപത്തെ കൃഷിയിടങ്ങളിൽ കയറി വൻതോതിൽ നാശം വരുത്താറുണ്ട്. വിനോദസഞ്ചാരികൾക്ക് ആന കൗതുകക്കാഴ്ചയാണെങ്കിലും, ഗ്രാമീണർക്ക് പലപ്പോഴും വൻ ദുരന്തമായി മാറുന്നു. ആനകളെ ഉപദ്രവിക്കാതെയും കൊല്ലാതെയും നാട്ടിൻപുറങ്ങളിൽ നിന്ന് അകറ്റിനിർത്തണമെന്നായി ഗ്രാമീണർ. ഉദ്യോഗസ്ഥരും ഗ്രാമീണരെ സഹായത്തിനെത്തി.
ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന ആനകളെ തടയുക എളുപ്പമുള്ള കാര്യമല്ല. ശബ്ദമുണ്ടാക്കുന്ന ലോഹക്കഷണങ്ങൾ, കണ്ണാടികൾ, സോളാർ ലൈറ്റുകൾ എന്നിവയൊക്കെ പരീക്ഷിച്ചെങ്കിലും അതൊന്നും അധികാലം ഫലം കണ്ടില്ല. പിന്നീടാണ് അവർ തേനീച്ചവേലികൾ പരീക്ഷിക്കാൻ ആരംഭിച്ചത്. കൃഷിയിടങ്ങൾക്കു ചുറ്റും കയറുകൾ കെട്ടി അതിൽ തേനീച്ചക്കൂടുകൾ സ്ഥാപിക്കുകയായിരുന്നു. ആന കയറിൽ തട്ടുമ്പോൾ തേനീച്ചകൾ ഇളകുകയും, പ്രകോപിതരായ തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തി ആനയെ ആക്രമിക്കുകയും ചെയ്യും.
ആനകളുടെ തുമ്പിക്കൈയിൽ തേനീച്ചയുടെ കുത്തേറ്റാൽ അത് അത്യധികം വേദനാജനകവും ചിലപ്പോൾ അപകടകരവുമാണ്. ഒരിക്കൽ തേനീച്ച ആക്രമണത്തിന് ഇരയായ കാട്ടാനകൾ പിന്നീട് ആ ഭാഗത്തേക്കു വരില്ല. മികച്ച ഓർമശക്തിയുള്ള മൃഗങ്ങളായതിനാൽ, തേനീച്ചയുടെ മണമോ സാന്നിധ്യമോ തിരിച്ചറിയുന്നതോടെ കാട്ടാനകൾ കാടുകയറും.
ഫലൗബെനിയിലെ യഥാർഥ നായകൻ തേനീച്ചയാണ്. അവയെ പേടിച്ച് ആനകൾ ഇപ്പോൾ വരാറുപോലുമില്ലെന്ന് ഗ്രാമീണർ പറയുന്നു. തേനീച്ചക്കൂടുകൾ ആനകളെ തുരത്തുക മാത്രമല്ല, കർഷകർക്ക് മികച്ച വരുമാനവുമായി മാറി. തേൻ ഉദ്പാദനത്തിലും ഫലൗബെനി ഗ്രാമം ഇപ്പോൾ മുന്നിലാണ്.
ഇതോടൊപ്പം ആനകൾക്ക് ഇഷ്ടപ്പെടാത്ത ലെമൺഗ്രാസ്, ലാവെൻഡർ, റോസ്മേരി തുടങ്ങിയ സുഗന്ധച്ചെടികളും കൃഷിയിടങ്ങൾക്കു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവ കാട്ടാനകളെ അകറ്റി നിർത്തുന്നതിനൊപ്പം അധിക വരുമാനം നേടാനും സാധിക്കുന്നു. സാങ്കേതികവിദ്യയും തേനീച്ചകളും സസ്യങ്ങളും ചേർന്നുള്ള കൂട്ടായ്മ വിജയകരമായി പ്രവർത്തിക്കുന്നതിനാൽ, ഈ പദ്ധതി ആരംഭിച്ചതിനുശേഷം പ്രദേശത്ത് ഒരാനയെപ്പോലും വെടിവച്ചു കൊല്ലേണ്ടി വന്നിട്ടില്ല. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ലളിതമായ മാർഗങ്ങളിലൂടെ എങ്ങനെ പരിഹരിക്കാമെന്ന് ഈ കൊച്ചു ഗ്രാമം ലോകത്തിനു കാണിച്ചുതരുന്നു.
കാട്ടാന ആക്രമണം സാധാരണ സംഭവമായി മാറിയ കേരളത്തിലും ഇത്തരം മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
Tags : Phalaubeni KrugerNationalPark WildElephantAttack Honeybee