x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രോസിക്യൂഷന്‍ ഉത്തരവ് പ്രതിക്ക് ചോര്‍ത്തി നല്‍കിയത് മനപൂര്‍വം: കശുവണ്ടി അഴിമതി കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി ബ്യൂറോ
Published: August 6, 2026 03:40 PM IST | Updated: August 6, 2026 03:40 PM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ ഉത്തരവ് പ്രതി ആര്‍. ചന്ദ്രശേഖരന് ചോര്‍ത്തി നല്‍കിയത് മനഃപൂര്‍വമാണെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ കെ.എ. രതീഷിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കേസില്‍ സര്‍ക്കാര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ പകര്‍പ്പ് ആദ്യം ആര്‍. ചന്ദ്രശേഖരനാണ് ലഭിച്ചത്. പിന്നാലെ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഉത്തരവിന്‍റെ പകര്‍പ്പ് മനപൂര്‍വ്വം നല്‍കിയതാണെന്നും അതില്‍ ആര്‍ക്കും സംശയമില്ലെന്നും ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു. ഉത്തരവ് ചോര്‍ന്നതില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട ആളുകളെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.

അതേസമയം, കെ.എ. രതീഷ് രാജിവെച്ച കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഴിമതിക്കേസില്‍ വിചാരണ കാത്തുനില്‍ക്കുന്ന ഒരു പ്രതി എങ്ങനെയാണ് സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

Tags : HighCourt Criticism Cashew Corruption

Recent News

Corehub Up