പ്രതീകാത്മക ചിത്രം
മുംബൈ: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും, കമ്പനികളുടെ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളും ഇന്ത്യൻ ഓഹരി വിപണിക്കു തുണയായി.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ സെൻസെക്സ് 373.76 പോയിന്റ് (0.48 %) ഉയർന്ന് 78,954.76ലും എൻഎസ്ഇ നിഫ്റ്റി 50 11.35 പോയിന്റ് (0.05%) നേട്ടത്തോടെ 24,636.00ലും വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകളെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിനു താഴെയെത്തിയത് വിപണിക്ക് അനുകൂല അന്തരീക്ഷമൊരുക്കി.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ നടന്ന വൻകിട ബ്ലോക്ക് ഡീലുകളെ തുടർന്ന് കമ്പനിയുടെ ഓഹരിവില 3.52 ശതമാനം ഉയർന്നത് ബെഞ്ച്മാർക്ക് സൂചികകളെ പ്രധാനമായും താങ്ങിനിർത്തി.
ബാങ്കിംഗ് മേഖലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2.84 %), ഐസിഐസിഐ ബാങ്ക് (2%) എന്നിവ മികച്ച നേട്ടമുണ്ടാക്കി. ലാഭം ഇരട്ടിയാക്കിയ നവീൻ ഫ്ലൂറിൻ, ന്യൂലാൻഡ് ലബോറട്ടറീസ്, ഹോണ്ടയുമായി പങ്കാളിത്തത്തിലായ ടാറ്റ ടെക്നോളജീസ് എന്നിവയും നേട്ടത്തിലാണ്.