രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്തു ചെയ്ത നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് വിദ്യാര്‍ഥികള്‍.
നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാര്‍ഥികള്‍ നെല്‍ കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള ചൂരവേലില്‍ പാടത്താണ് നെല്‍കൃഷി നടത്തി വിളവെടുത്തത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാര്‍ഗമാണ് അവലംബിച്ചത്. കൃഷിക്കായി തെരഞ്ഞെടുത്തതു കന്നും കുളമ്പന്‍ എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്‍കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം നെല്ക്കതിര് കൊയ്തുകൊണ്ട് നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, നിര്‍മല്‍ കുര്യാക്കോസ്, ഷീന ജോണ്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ കെ ജോസഫ്, വോളണ്ടിയര്‍ സെക്രട്ടറി അഭിനവ് ബാബു എന്നിവര്‍ പ്രസംഗിച്ചു