അമയന്നൂര്‍-വരകുമല വാലുങ്കല്‍ പാലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ചപ്പോള്‍.
അമയന്നൂര്‍: പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ച അമയന്നൂര്‍-വരകുമല വാലുങ്കല്‍ പാലത്തിന്റെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികള്‍ക്ക് യാത്രാദുരിതം. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കരിങ്കല്‍ക്കെട്ട് അടര്‍ന്ന് തോട്ടിലേക്ക് വീണതോടെയാണ് പാലം അപകടാവസ്ഥയിലായത്. ഏത് സമയവും പാലം തകര്‍ന്നു വീഴാനിടയുള്ളതിനാല്‍ അധികൃതര്‍ ഗതാഗതം നിരോധിക്കുകയായിരുന്നു. നിലവില്‍ ഇരുമ്പ് കമ്പി കള്‍ സ്ഥാപിച്ച് റോഡ് പൂര്‍ണമായും അടച്ചിട്ടുണ്ട്.
യാത്രക്കാര്‍ വലയുന്നു
പാലം അടച്ചതോടെ തിരുവഞ്ചൂര്‍, നീറിക്കാട്, പറമ്പുകര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. സ്കൂള്‍വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, കര്‍ഷകര്‍ തുടങ്ങി നൂറുകണക്കിന് ആളുകളുടെ ദൈനംദിന യാത്രയാണ് ഇതുമൂലം ദുരിതത്തിലായത്.
ഒട്ടേറെ സ്കൂള്‍ ബസുകളും മറ്റു വാഹനങ്ങളും മുന്‍പ് ഈ പാലത്തിലൂടെയാണ് കടന്നുപോയിരുന്നത്. കാലവര്‍ഷത്തില്‍ വെള്ളം കയറുന്ന സമയങ്ങളില്‍ താന്നിക്കപ്പടി-എരുത്തുപുഴ റോഡിലേക്കുള്ള പ്രധാന കണ്ണിയായിരുന്നു വാലുങ്കല്‍ പാലം. ഇത് പ്രവര്‍ത്തനരഹിതമായതോടെ പ്രദേശത്തിന്റെ ഗതാഗത ശൃംഖല തന്നെ താറുമാറായി.
സപ്ലൈകോവിതരണത്തിനുംതിരിച്ചടി
സമീപത്തെ സപ്ലൈകോ ഗോഡൗണിലേക്കുള്ള റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളും ദീര്‍ഘദൂരം ചുറ്റി സഞ്ചരിക്കണം. ഇതുമൂലം സമയനഷ്ടവും അധികച്ചെലവും ഉണ്ടാകുന്നതായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വാലുങ്കല്‍ പാലം നവീകരണം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രഖ്യാപനമല്ലാതെ നിര്‍മാണം ആരംഭിച്ചില്ല.
പാലത്തിന്റെ പുനര്‍നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. യാത്രാസൗകര്യം പുനഃസ്ഥാപിക്കാനും പ്രദേശത്തെ ഗതാഗത പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനും ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews