ജൽജീവൻ പദ്ധതിക്കു വേണ്ടി കരുവാരക്കുണ്ട് ചീനിപ്പാടം പാതയോരത്ത് കൂട്ടിയിട്ട പൈപ്പുകൾ കാടുമൂടിയ നിലയിൽ.
കരുവാരകുണ്ട്: ജൽജീവൻ പദ്ധതിക്കു വേണ്ടി പാതയോരങ്ങളിലും ഗ്രാമീണ റോഡുകളുടെ ഓരങ്ങളിലും കൂട്ടിയിട്ട വലിയ ജലസേചന പൈപ്പുകളുടെ മുകളിലൂടെ കാടുമൂടി കിടക്കുന്നത് യാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നു. കാട്ടുപന്നി, കുറുക്കൻ, അപകടകാരികളായ ഇഴജന്തുക്കൾ തുടങ്ങിയവയുടെ വിഹാരകേന്ദ്രം കൂടിയായി ഇവിടം മാറി.
വേണ്ടത്ര പഠനവും ആസൂത്രണവും നടത്താതെ കുടിവെള്ളം ആവശ്യമായിടത്തേക്കും ആവശ്യകതയില്ലാത്തിടത്തേക്കും പൈപ്പുകൾ സ്ഥാപിച്ചതോടെ ഗ്രാമീണ റോഡുകളുടെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണ്.
പൈപ്പിടുന്നതിനായി റോഡരികിൽ കീറിയ ചാലുകൾ പല സ്ഥലങ്ങളിലും ഇപ്പോഴും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. ഇത്രയും പൈപ്പുകൾ സ്ഥാപിച്ചിട്ടും കുടിവെള്ളം എന്ന് ലഭിക്കും എന്നാണ് ജനങ്ങളുടെ ചോദ്യം. പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കുന്നതിന് മുന്പ് തന്നെ റോഡുകൾ നശിക്കുന്ന അവസ്ഥയാണ് പല പ്രദേശങ്ങളിലും.
പൈപ്പുകൾ സ്ഥാപിച്ചതിനു ശേഷം റോഡുകളും ചാലുകളും പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുകയും റോഡരികിൽ കിടക്കുന്ന പൈപ്പുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.