സുധീർ ഷാ പാലോട് എംഎൽഎ കരം ഒടുക്ക് രസീത് കൈമാറുന്നു.
കല്ലറ: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമം. സുധീർഷാ പാലോട് എംഎൽഎയുടെ ഇടപെടലിൽ 40 കുടുംബങ്ങൾക്ക് കരം ഒടുക്കി നൽകി.
നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ ഉന്നതിയിൽപ്പെട്ട ഒൻപത് ഏക്കർ ഹരിജൻ ഉന്നതിയിലെ 40 കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പ് കരം ഒടുക്കി രസീത് കൈമാറിയത്. ഉന്നതിയിലെ നിവാസികൾ 2013 വരെ കരം ഒടുക്കിയിരുന്നെങ്കിലും പിന്നീട് വനഭൂമി എന്ന കാരണത്തിൽ കരം എടുത്തിരുന്നില്ല. ഇതിമൂലം ഉന്നതിയിലെ കുടുംബാഗംങ്ങൾക്ക് വസ്തു ക്രയവിക്രയം ചെയ്യുന്നതിനോ, വായ്പകൾ എടുക്കുന്നതിനോ കഴിയാത്ത സാഹചര്യമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നന്ദി അറിയിച്ച് ഉന്നതിയിലെത്തിയ എംഎൽഎയോട് ഇവർ തങ്ങളുടെ ദുരിതങ്ങൾ വിശദീകരിച്ചു. തുടർന്ന് ഇക്കാര്യം എംഎൽഎ, റവന്യുമന്ത്രി എ.പി. അനിൽകുറിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. എംഎൽഎയുടെ നിർദേശപ്രകാരം റവന്യൂവകുപ്പ് സ്വീകരിച്ച നടപടികളിലൂടെയാണ് ഉന്നതിയിലെ കുടുംബങ്ങൾക്ക് കരം ഒടുക്ക് രസീത് ലഭിച്ചത്.
നെടുമങ്ങാട് താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ സുധീർ ഷാ പാലോട് എംഎൽഎ കുടുംബങ്ങൾക്ക് കരം ഒടുക്ക് രസീതുകൾ കൈമാറി. തഹസിൽദാർ വി.എൻ. നന്ദകുമാർ, ഭൂരേഖ തഹസിൽദാർ സന്തോഷ്, കുറുപുഴ വില്ലേജ് ഓഫീസർ സനൂജ ബീവി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാജിലാൽ, പഞ്ചായത്ത് അംഗം ജീവൻ കുമാർ, മുൻ പഞ്ചായത്ത് അംഗം വിനു വി. ലാൽ, രാജ്കുമാർ, നന്ദിയോട് ബി. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.