കൽപ്പറ്റ: സങ്കീർണമായ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആശുപത്രിയിൽ വിജയകരമായി നടത്തി. ബത്തേരി കോട്ടക്കുന്ന് സ്വദേശിയായ 69കാരൻ എ.ഇ. ജോസഫിനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
ജില്ലയിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ നടത്തുന്നത്. ഒരുതവണ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച കൃത്രിമ ഇടുപ്പ് സന്ധിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുന്പോൾ ശസ്ത്രക്രിയയിലൂടെ അത് പൂർണമായും മാറ്റി പുതിയത് സ്ഥാപിക്കുകയാണ് റിവിഷൻ ടോട്ടൽ ഹിപ് റീപ്ലേസ്മെന്റിലൂടെ ചെയ്യുന്നത്.
ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. നിഖിൽ നാരായണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. താലൂക്ക് ആശുപത്രിയിലെ മുൻ അസ്ഥിരോഗ വിദഗ്ധനും നിലവിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമായ കെ. രാജഗോപാലൻ, അനസ്തേഷ്യ ജൂണിയർ കണ്സൾട്ടന്റ് ഡോ. സക്കീർ ഹുസൈൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
14-ാം വയസിൽ ജോസഫിന്റെ ഇടുപ്പിൽ മുള കുത്തികയറിയിരുന്നു. പിന്നീട് വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്ക് വിധേയനായി. മാറ്റിവച്ച ഇടുപ്പ് ഇളകുകയും ഉള്ളിൽ പഴുപ്പ് നിറയുകയും ചെയ്തതോടെ കടുത്ത വേദനയായി. ശസ്ത്രക്രിയകളുടെ ഫലമായി കാലിന്റെ വലിപ്പം കുറഞ്ഞതും പ്രശ്നമായി. അണുബാധ വർധിച്ച് വേദന അസഹ്യമാകുകയും ഇടുപ്പ് മാറ്റി സ്ഥാപിച്ച ഇംപ്ലാന്റ് ഇളകി ചലനശേഷി കുറയുകയും ചെയ്തതോടെയാണ് വൈത്തിരിയിൽ ചികിത്സ നേടിയത്.
പ്രാഥമിക ഇടുപ്പ് മാറ്റിവയ്ക്കലിനേക്കാൾ ദൈർഘ്യമേറിയതും സങ്കീർണവുമാണ് രണ്ടാമത്തെ ശസ്ത്രക്രിയയെന്ന് ഡോ. നിഖിൽ നാരായണൻ പറഞ്ഞു. പഴയ ഇംപ്ലാന്റ് നീക്കം ചെയ്യുകയും എല്ലിന്റെ അവസ്ഥ വിലയിരുത്തി ആവശ്യമാണെങ്കിൽ എല്ല് മാറ്റിവയ്ക്കുകയും പുതിയ ഇംപ്ലാന്റ് സ്ഥാപിക്കുകയും ചെയ്യണം. ആദ്യത്തെ ശസ്ത്രക്രിയയെ അപേക്ഷിച്ച് രോഗി സുഖംപ്രാപിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എട്ട് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും 158 മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.
Tags : Vythiri Local News Wayanad Nattuvishesham