മംഗലംഡാം കരിങ്കയത്തെ തേനീച്ചക്കൂടുകളിലെ ചിരട്ടകളിൽ പഞ്ചസാരലായനി നിറയ്ക്കുന്ന മാർത്താണ്ഡം സ്വദേശി ജയൻ.
മംഗലംഡാം: മഴക്കാലം തേനീച്ചക്കർഷകർക്ക് നഷ്ടങ്ങളുടെ മാസങ്ങൾ. ആറേഴുമാസം തേനീച്ചകൾക്ക് ഭക്ഷണംകൊടുത്ത് അവയെ സംരക്ഷിച്ചു നിർത്തണം. ഈച്ചകൾ പട്ടിണികിടന്ന് ആരോഗ്യം നഷ്ടപ്പെട്ടാൽ സീസണിൽ തേനീച്ചകളുടെ തേൻശേഖരണം കുറയും.
എന്നാൽ ഈവർഷം പഞ്ചസാരവില ഇരട്ടിയോളം ഉയർന്നതാണ് തേനീച്ചക്കർഷകരെ ദുരിതത്തിലാക്കിയത്. ഓണത്തിന് രണ്ടാഴ്ചമുമ്പ് കിലോയ്ക്ക് 46 രൂപയായിരുന്നത് 74 രൂപ വരെയായെന്ന് മംഗലംഡാമിൽ തേനീച്ചകൃഷി നടത്തുന്ന മാർത്താണ്ഡം അരുമന സ്വദേശിയായ ജയൻ പറഞ്ഞു.
പഞ്ചസാരവില കുറയുമെന്നു പറയുന്നുണ്ടെങ്കിലും കിലോയ്ക്ക് മൊത്തവില 40 രൂപയായാൽതന്നെ പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിയാണ്.
തേനിന്റെ ഉത്പാദന ചെലവിനനുസരിച്ച് തേൻവില ഉയരില്ല. ഇതിനാൽ മഴക്കാലത്തെ ഈച്ചയുടെ തീറ്റയ്ക്ക് വരുന്ന അധികച്ചെലവ് പിന്നീട് കടബാധ്യതയായി മാറുമെന്നു കർഷകർ പറയുന്നു. പഞ്ചസാര ലായനിയാണ് തേനീച്ചകൾക്ക് തീറ്റയായി നൽകുക. തേനീച്ചകൃഷി കുലത്തൊഴിലായി നടത്തിവരുന്ന തിരുവനന്തപുരത്തിനടുത്തെ മാർത്താണ്ഡത്തുനിന്നുള്ള തേനീച്ചക്കർഷകർ മംഗലംഡാം ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ റബർതോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാണ് തേൻഉത്പാദനം നടത്തുന്നത്. മഴക്കാലത്ത് തേനീച്ചകൾക്ക് പുറത്തുനിന്നു ഭക്ഷണം കിട്ടാത്തതിനാൽ കർഷകർ നൽകുന്ന ഈ ലായനിയിലാണ് ഈ ചെറുജീവികളുടെ നിലനിൽപ്പ്. തോരാമഴയാണെങ്കിൽ തീറ്റനൽകുന്ന ദിവസങ്ങളുടെ അകലവും കുറയ്ക്കണം.
ഫെബ്രുവരി മുതൽ മേയ് വരെയുള്ള മാസങ്ങളാണ് തേൻ സീസൺ. ഈച്ചക്കേട് വ്യാപകമാകുന്നത് തേൻ ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് തേനീച്ച കർഷകർ പറയുന്നു.
തേനീച്ചകൾ വഴി കൃഷിയിടത്തിലെ വിളകളിൽ പരാഗണം വേഗത്തിലാകുന്നതിനാൽ വിളവ് കൂടുന്നതും തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നത് ഉടമയ്ക്കും ഗുണമാണ്.
Tags : Nattuvishesham DistrictNews