കോഴിക്കോട്: ഫറോക്ക് - കരുവൻതിരുത്തി റോഡിൽ പുഞ്ചിരി പഴയ വില്ലേജ് ഓഫീസ് പരിസരത്ത് വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലിസും അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പ്രദേശത്ത് വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
മുന്നറിയിപ്പ് സൈൻ ബോർഡുകൾ സ്ഥാപിക്കണം. സീബ്രാ ക്രോസിംഗ്, ബ്ലിങ്കറിംഗ് സിഗ്നലുകൾ, റോഡ് മാർക്കിംഗുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണം. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും തടയുന്നതിനായി സ്ഥിരം വാഹനപരിശോധനയും വേഗപരിശോധനയും ശക്തമാക്കണം. റോഡരികിലുള്ള ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള തടസങ്ങൾ പരിശോധിച്ച് പരിഹരിക്കാൻ നടപടി സ്വീകരിക്കണം.
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത്തരം നടപടികൾക്ക് യാതൊരു കാലതാമസവും പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കുള്ളിൽ കമ്മിഷന് സമർപ്പിക്കണം. 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഇടുങ്ങിയ റോഡ്, വീതി കുറഞ്ഞ നടപ്പാത, റോഡരികിലെ ട്രാൻസ്ഫോർമർ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാൽനടയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ ഗുരുതര ഭീഷണിയിലാവുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മൂന്നാഴ്ചക്കിടെ രണ്ട് മരണം സംഭവിച്ചതും ആശങ്ക ഉണർത്തുന്നതാണ്.
വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags : Nattuvishesham Districtnews Deepikanews Strict action urged