രാമങ്കരി: സംസ്ഥാന സർക്കാർ ജൽജീവൻ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പുതിയ പൈപപ്പ് ലൈൻ സ്ഥാപിക്കൽ നാട്ടുകാരുടെ യാത്ര ദുരിതത്തിലാക്കുക മാത്രമല്ല കുടിവെള്ളക്ഷാമം ഇരട്ടിയാക്കിയതായും ആക്ഷേപം.
മുട്ടാർ, രാമങ്കരി, വെളിയനാട്, നെടുമുടി തുടങ്ങി മിക്ക പാഞ്ചായത്തുകളിലും വെട്ടിപ്പൊളിച്ച റോഡുകളിൽ പലതും പിന്നീട് പൂർവസ്ഥിതിയിലാക്കാതെ വന്നതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമായിമാറിയത്.
കാലവർഷത്തിന് തുടക്കം കുറിച്ചതോടെ ഈ കുഴികളിൽ പലതിലും വെള്ളംകെട്ടി നിന്ന് വലിയ ഗർത്തം തന്നെ രൂപപ്പെടുകയുണ്ടായി. പലസ്ഥലത്തും ടൂവിലർ പോലുള്ള ചെറിയ വാഹനങ്ങൾ പോലും താഴ്ന്ന് പോകുന്ന സ്ഥിതിയിലാണ്. ഭാരവും വഹിച്ചെത്തുന്ന വലിയ വാഹനങ്ങളുടെയും കാറുകളുടെയും കാര്യം ഒട്ടു പറയുകയും വേണ്ട. ഇവ താഴ്ന്നു കഴിഞ്ഞാൽ പിന്നെ മണിക്കൂറുകൾ ശ്രമിച്ചാലാണ് ഒന്ന് രക്ഷനേടാൻ സാധിക്കുക. കാൽനടയാത്രയുടെ കാര്യവും ഇതുപോലെ തന്നെ വലിയ കഷ്ടത്തിലാണ്.
ഇതിനൊക്കെ പുറമെ പലസ്ഥലത്തും പഴയ ലൈനുകൾ തകരുന്നത് മുന്പ് കിട്ടിക്കൊണ്ടിരുന്ന വെള്ളം മുടങ്ങുന്നതിന് കാരണമായി. അതിനാൽ ശുദ്ധജലത്തിനു വേണ്ടിയും നാട്ടുകാർ ഇപ്പോൾ നെട്ടോട്ടം നടത്തേണ്ട സ്ഥിതിയിലാണ്.
പുഞ്ചക്കൊയ്ത്തിന് ശേഷം തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ നിന്ന് തള്ളുന്ന മലിനജലം പൊതുജലാശയങ്ങളിലാകെ നിറയുകയും, കാലാവസ്ഥാ വ്യതിയാനം മൂലം ദിവസങ്ങളായി നദികളിലെ ഏറ്റവും ഇറക്കവും നിലയ്ക്കുകയും കൂടി ചെയ്തതോടെ കുളിക്കുവാനോ പാത്രം കഴുകുവാനോ മറ്റ് അത്യാവശ്യകാര്യങ്ങൾ നിർവഹിക്കാനോ പോലും കഴിയാതെ ബുദ്ധിമുട്ടുന്പോഴാണ് മുന്പ് കിട്ടിക്കൊണ്ടിരുന്ന വെള്ളം കൂടി മുടങ്ങിയത്. ഇത് കുട്ടനാട്ടിൽ നിലവിലുണ്ടായിരുന്ന ശുദ്ധജലക്ഷാമം വീണ്ടും ഇരട്ടിയാകുന്നതിന് കാരണമായതായും പറയുന്നു.
Tags : nattu vishesham Roads dug pipelines