പ്രതീകാത്മക ചിത്രം
കോഴിക്കോട്: ദയനീയമായ ജീവിതം നയിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കൊമ്മേരി നീലങ്ങാളിത്താഴം സ്വദേശിക്ക് മെച്ചപ്പെട്ട ചികിത്സയും ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.
രോഗിയുടെ സഹോദരങ്ങളെ വിളിച്ചു വരുത്തിയാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദേശം നൽകിയത്. കമ്മീഷൻ ഉത്തരവ് രോഗിയുടെ സഹോദരങ്ങൾ ആത്മാർഥമായി നടപ്പിലാക്കണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കണം.
സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഉത്തരവ് കൈപ്പറ്റി രണ്ട് മാസത്തിനുള്ളില്‍ ജില്ലാ സാമൂഹിക നീതി ഓഫീസർ കമ്മീഷനിൽ സമർപ്പിക്കണം. മെഡിക്കൽ കോളജ് എസ്എച്ച്ഒ, ജില്ലാ സാമൂഹികനീതി ഓഫീസർ എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങിയ ശേഷമാണ് നടപടി.
നിലവിൽ ലീഗൽ ഗാർഡിയനായ സഹോദരി മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സഹോദരന് മതിയായ ചികിത്സയും സംരക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഒരുക്കണം. മതിയായ ഭക്ഷണവും വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യവും കാലാനുസൃതമായ മാനസികാരോഗ്യ ചികിത്സയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം.
രോഗിയുടെ പിതാവിന്റെ കുടുംബപെൻഷൻ ലഭിക്കുന്നതിന് ആവശ്യമുള്ള രേഖകളും മറ്റും കോഴിക്കോട് മുൻസിപൽ കോർപ്പറേഷൻ അധികൃതർക്ക് സമർപ്പിച്ച് രോഗിയായ മകന് പെൻഷൻ ലഭിക്കുന്നതിന് സഹോദരൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
Tags : NattuVishasham DistrictNews